ചെന്നൈ: വടക്കൻ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്ന 60 പേരിൽ 15 പേരുടെ നില ഗുരുതരമാണ്.
വ്യാജ പായ്ക്കറ്റ് ചാരായമാണ് ഇവർ കഴിച്ചതെന്നു വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെ. കണ്ണുകുട്ടി (49) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 200 ലിറ്റർ വ്യാജച്ചാരായം പിടിച്ചെടുത്തു.
സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. വിഷമദ്യ ദുരന്തമല്ലെന്നു മാധ്യമങ്ങളോട് പറഞ്ഞ കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് വ്യാജ മദ്യവില്പനക്കാരില്നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായത്. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.