ഇടുക്കി: തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന് എത്തുന്ന പാൽ പരിശോധന ചെക്ക്പോസ്റ്റുകളിൽ ഉത്സവ സീസണുകളിൽ മാത്രം നടത്താതെ കൃത്യമായ ഇടവേളകളിൽ നടത്താൻ ഭക്ഷ്യോപദേശക സമിതിയോഗം തീരുമാനിച്ചു.
മണ്ഡലകാലം പോലുള്ള ഉൽസവ സീസണുകളിൽ ഹോട്ടലുകളിലും തട്ടുകടകളിലും വഴിയോരക്കടകളിലും പോലീസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തും.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളവും മറ്റ് പാനീയങ്ങളും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കെതിരെയും കടകളിൽ തൂക്കിയിട്ട് കച്ചവടം നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കാനും നിർദേശം നൽകി.
മൽസ്യ – മാംസ വിൽപ്പനകേന്ദ്രങ്ങളിൽ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് വകുപ്പിനും തുടർപരിശോധനകൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിനും സമിതി നിർദേശം നൽകിയിട്ടുണ്ട്.
മൽസ്യം, മാംസം, പഴം, പച്ചക്കറി പരിശോധന കാര്യക്ഷമമാക്കുന്നതിനായി മൊബൈൽ ലബോറട്ടറി ജില്ലക്ക് അനുവദിക്കുന്നതിനുള്ള നിർദേശം തയാറാക്കി സർക്കാരിന് സമർപ്പിക്കും. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഫയൽ ചെയ്യുന്ന കേസുകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസം പ്രസിഡന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചു.
യോഗത്തിൽ എഡിഎം പി.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുതലവൻമാർക്ക് പുറമേ സംഘടനാപ്രതിനിധികളായ എം.ജെ. മാത്യു, എ.പി.ഉസ്മാൻ, പി. മുത്തുപാണ്ടി, പി.കെ. ജയൻ, സി.എം. അസീസ്, സി.കെ. മോഹനൻ, എം.എം. മനോഹരൻ, റോസക്കുട്ടി എബ്രഹാം, സി.വി. ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.