മുല്ലപ്പെരിയാറിനു പിന്നാലെ രാമക്കല്‍മേട്ടിലും അവകാശം സ്ഥാപിക്കാന്‍ തമിഴ്‌നാടിന്റെ ഊര്‍ജിത ശ്രമം. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ തമിഴ്‌നാട് നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തമിഴ്‌നാട് റവന്യു, വനം വകുപ്പുകള്‍ മാസങ്ങളായി സര്‍വേ നടത്തിവരികയാണ്. സര്‍വേ പൂര്‍ത്തിയായാല്‍ രാമക്കല്‍മേടിനു മേല്‍ അവകാശമുന്നയിക്കാനാണ് തമിഴ്‌നാടിന്റെ നീക്കമെന്നു സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം രാമക്കല്‍മേട് മലനിരകളിലെത്തിയ സഞ്ചാരികളെ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. അന്ന്ഉടുമ്പന്‍ചോല റവന്യു അധികൃതര്‍ സ്ഥലത്തെത്തിയാണ് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചത്. പിന്നീട് സര്‍വേ ഡയറക്ടര്‍ രാമക്കല്‍മേട്ടിലെത്തിയെങ്കിലും അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുത്തില്ല.
വിദൂരക്കാഴ്ചകള്‍ കാണാന്‍ പറ്റുന്ന മേഖലകള്‍ പലതും തമിഴ്‌നാടിന്റെ അധീനതയിലാണ്.എന്നാല്‍ ഈ പ്രദേശങ്ങളിലേക്കു കേരളത്തില്‍ക്കൂടി മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. രാമക്കല്ല്, ചതുരംഗപാറയിലെ കാറ്റാടികള്‍ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ സ്ഥലങ്ങളിലാണ്. ചതുരംഗപ്പാറയില്‍ കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി െവെദ്യുതി ഉല്‍പാദനത്തിനായി കാറ്റാടികളും തമിഴ്‌നാട് സ്ഥാപിച്ചിട്ടുണ്ട്. മലമുകളില്‍ റോഡും നിര്‍മിച്ചു.തമിഴ്‌നാടിന്റെ വിദൂര ദൃശ്യവും എപ്പോഴും വീശുന്ന കാറ്റുമാണു രാമക്കല്‍മേട്ടിലെ പ്രധാന ആകര്‍ഷണം. ഇതു തമിഴ്‌നാട് ടൂറിസത്തിന്റെ ഭാഗമാക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലെ അടിവാരത്തേക്ക് നടപ്പാതയുണ്ട്. ഇതു വിപുലീകരിച്ച് കാല്‍നടയാത്ര സാധ്യമാക്കാനും ലക്ഷ്യമുണ്ട്. സമാനരീതിയില്‍ ചതുരംഗപാറ മേഖലകളിലേക്കും പദ്ധതി ഒരുക്കും. കോമ്പെ, തേവാരം തുടങ്ങിയ പട്ടണങ്ങള്‍ വഴി രാമക്കല്‍മേട്, ചതുരംഗപാറ മേഖലകളിലേക്ക് സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയും വിധം പദ്ധതികള്‍ തയാറാക്കാനാണ് നീക്കം. ടൂറിസം വികസനത്തിനായുള്ള പ്രാഥമിക സാധ്യതാ പഠനങ്ങള്‍ തമിഴ്‌നാട് ആരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഉന്നത ഉദ്യോഗസ്ഥര്‍ നിരവധി തവണ മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അധികം വൈകാതെ പദ്ധതി ആരംഭിക്കാനാണ് ശ്രമം. ട്രക്കിങ്, വനമേഖലയിലൂടെയുള്ള യാത്ര, താഴ്‌വാരത്തെ മുന്തിരി പാടങ്ങള്‍, കാളവണ്ടി യാത്ര തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാക്കും. റോപ് വേയും നിര്‍മിക്കും. രാമക്കല്‍മേട്ടില്‍ വര്‍ഷംതോറും ലക്ഷകണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഇപ്പോള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ കേരളത്തിന്റെ പണം തമിഴ്‌നാട് കൊണ്ടു പോകുമെന്നുറപ്പാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാമക്കല്‍മേട്ടിലേക്കുള്ള വിനോദസഞ്ചാരം വര്‍ധിച്ചതും ഇവിടേക്ക് തമിഴ്‌നാടിന്റെ നോട്ടമെത്തുന്നതിനു കാരണമായി.