കേരളാ പോലീസ് പരാതികളുടെ പ്രളയത്തില്‍ മുങ്ങുമ്പോള്‍ കാക്കിയ്ക്കുള്ളിലെ നന്മയുമായി തമിഴ്‌നാട് പോലീസ്! ഗര്‍ഭിണിയായ യുവതിയ്ക്ക് ചവിട്ടുപടിയായ കോണ്‍സ്റ്റബിള്‍മാര്‍ക്ക് രാജ്യത്തിന്റെ സല്യൂട്ട്

പരാതികള്‍ വേണ്ട രീതിയില്‍ പരിഗണിക്കാതെ ആളുകളെ കൊലയ്ക്കു കൊടുക്കല്‍, ലോക്കപ്പ് കൊലപാതകങ്ങള്‍, കീഴ്ജീവനക്കാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കല്‍ തുടങ്ങിയ കൊള്ളരുതായ്മകള്‍ കൊണ്ട് പേരുദോഷം കേട്ടുകൊണ്ടിരിക്കുകയാണ് കേരളാ പോലീസ്, കുറച്ചധികം നാളുകളായി.

എന്നാല്‍ ഇതിനെല്ലാം വിപരീതമായി കാക്കിയ്ക്കുള്ളിലെ നന്മയാവാനും പോലീസിന് സാധിക്കും എന്ന് തെളിയിക്കുകയാണ് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് പോലീസ് കാണിച്ച ആ നന്മയ്ക്ക് രാജ്യമൊന്നാകെയിപ്പോള്‍ സല്യൂട്ട് അടിക്കുകയുമാണ്.

സംഭവമിങ്ങനെ…സിഗ്‌നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കിയാണ് തമിഴ്നാട് പോലീസ് വലിയ മാതൃക നല്‍കിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹവുമാണ്.

കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്‍, മണികണ്ഠന്‍ എന്നിവരാണ് യുവതിയ്ക്ക് ഇറങ്ങാന്‍ സഹായം നല്‍കിയത്. അപ്രതീക്ഷിതമായി വന്ന സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ ഗര്‍ഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ചാടിയിറങ്ങുന്നത് അപകടവുമായിരുന്നു.

ഇതോടെ പോലീസുകാര്‍ രണ്ടു പേരും കുനിഞ്ഞു നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടിയിറങ്ങാന്‍ സ്ത്രീയോട് പറയുകയായിരുന്നു. യാത്രക്കാരായ ചില യുവാക്കളും സഹായത്തിനെത്തിയതോടെ യുവതി സുരക്ഷിതയായി നിലത്തിറങ്ങി.

പോലീസുകാരെ പ്രശസ്തി പത്രവും പാരിതോഷികവും നല്‍കി ഡിപ്പാര്‍ട്ട്‌മെന്റ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും കോണ്‍സ്റ്റബിള്‍മാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ടില്‍ സമൂഹസേവനത്തിന് ഉദാത്തമാതൃക നല്‍കിയ കോണ്‍സ്റ്റബിള്‍മാര്‍ക്ക് നന്ദി എന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

Related posts