അരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങി അതിക്രമം കാട്ടിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്.
നിലവില്‍ കൊമ്പന് ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് തുടരുന്ന അരി കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പന് തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ബൈക്ക് യാത്രക്കാരന് ചികിത്സയിലിരിക്കെ മരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
അരിക്കൊമ്പനെ പിടികൂടാന്‍ തിരുവല്ലിപുത്തൂര്‍ മേഘമല കടുവസങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അറിയിച്ചു.
ഷണ്മുഖനാഥന് ക്ഷേത്രപരിസരത്തുനിന്ന് അരിക്കൊമ്പന് ഉള്‍വനത്തിലേക്കു കടന്നെന്നാണു തമിഴ്നാട് വനംവകുപ്പ് പറയുന്നത്.
പ്രദേശത്തു ദൗത്യസംഘം തിരച്ചില്‍ നടത്തിയെങ്കിലും കൊമ്പനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷണ്മുഖനാഥ അണക്കെട്ട് പരിസരത്തെത്തി ആന വെള്ളം കുടിച്ചിരുന്നു.
അണക്കെട്ടിന് എതിര്‍വശത്തെ കൃഷിഭൂമിയിലേക്ക് അരിക്കൊമ്പന് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം ദൗത്യസംഘം പൂര്‍ത്തിയാക്കി.
എന്നാല്‍ ആന ഉള്‍ക്കാട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഉള്‍ക്കാട്ടിലായതിനാല്‍ അരിക്കൊമ്പന്റെ റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ ലഭിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.