വയനാട് ദുരന്തത്തിൽ കൈത്താങ്ങായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികൾ. തമിഴ്നാട് കരൂരിലെ ഈച്ചനത്തം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ വിദ്യാർഥികളാണ് വയനാടിന് സാന്ത്വനവുമായി എത്തിയിരിക്കുന്നത്.
ഈ സ്കൂളിലെ വിദ്യാർഥികളോട് അധ്യാപിക ഷംഷദ് ബാനുവാണ് വയനാട്ടിലുണ്ടായ ദുരന്തത്തെ കുറിച്ച് പറഞ്ഞത്. ഒരു സ്കൂൾ അവിടെ ഉണ്ടായിരുന്നെന്നും ഇതുപോലെ കുറെ കുട്ടികൾ അവിടെ പഠിച്ചിരുന്നെന്നും പാഞ്ഞെത്തിയ ഉരുൾ അവരിൽ പലരുടെയും ജീവൻ കവർന്നെടുത്തെന്നും വിദ്യാർഥികൾ അറിഞ്ഞു.
അങ്ങനെ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കും തോന്നി. പിന്നാലെ വയനാടിന് സഹായങ്ങൾ ചെയ്യാനായി മറ്റുള്ളവരെയും പ്രേരിപ്പിക്കാൻ അവർ തീരുമാനിച്ചു.
സഹായം അപേക്ഷിച്ച് അവർ ചിത്രകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. നാല് അഞ്ച് ക്ലാസുകളിലെ കുട്ടികളാണ് ഇവർ.