തിരുവനന്തപുരം: “ഒാഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാലു ദിവസം ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ കടുത്ത ജാഗ്രത വേണം. ഡാമുകൾ വേഗം നിറയുന്ന അവസ്ഥ വരും.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്’-ഏതാനും ദിവസങ്ങൾക്കു മുന്‍പ് തമിഴ്നാട് വെതർമാൻ ഫേസ്ബുക്കിൽ കുറിച്ചു. തമിഴ്നാട് വെതർമാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ പ്രദീപ് ജോണിന്റെ ഈ കുറിപ്പുകൾക്ക് ലഭിച്ച വാർത്താ പ്രാധാന്യം അദ്ദേഹത്തിന്റെ കാലാവസ്ഥാ പ്രവചനങ്ങളുടെ വിശ്വാസ്യതയുടേയും കൃത്യതയുടേയും തെളിവായിരുന്നു.
ഈ മാസം ശരാശരിക്കും മുകളിൽ കേരളത്തിൽ മഴയുണ്ടാകുമെന്നും 11വരെ മഴ തുടരുമെന്നും തമിഴ്നാട് വെതർമാൻ പ്രവചിക്കുന്നു.
പ്രവചനം കൃത്യം
ആകാശത്തു കാർമേഘം കനക്കുന്പോൾ ശക്തിയായി കാറ്റു വീശുന്പോൾ തമിഴ്നാട്ടിലും കേരളത്തിലുമുള്ളവർ പ്രദീപ് ജോണിന്റെ ഫേസ്ബുക്ക് പേജിലേക്ക് നോക്കുന്നു.
അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ വിശ്വാസ്യത അർപ്പിച്ച് ലക്ഷങ്ങൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പിന്തുടരുന്നു. ഇന്നലെ അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചത് മഴ മേഘ ബാൻഡുകൾ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും പടർന്നു കഴിഞ്ഞുവെന്നാണ്.
ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ശ്രദ്ധ വേണമെന്ന് പറയുന്ന പ്രദീപ് ജോൺ വയനാട്ടിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് എടുത്തു പറയുന്നു. സത്യത്തിൽ കേരളത്തിൽ വീണ്ടുമൊരു വെള്ളപ്പൊക്കം കഴിഞ്ഞ ഏപ്രിലിൽ തന്നെ വെതർമാൻ പ്രവചിച്ചിരുന്നു.
വീട്ടിൽ കുടുങ്ങി
ആരാണ് തമിഴ്നാട് വെതർമാൻ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ. തമിഴ്നാട്ടിലെ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡെപ്യൂട്ടി മാനേജരായ പ്രദീപ് ജോണ്‍ 2012 മുതലാണ് കാലാവസ്ഥാ വിവരങ്ങളും അറിയിപ്പുകളും ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു തുടങ്ങിയത്.
1996 ജൂണില്‍ ചെന്നൈയില്‍ മൂന്നുദിവസം തുടർച്ചയായി മഴപെയ്തപ്പോൾ വീടിനുള്ളിൽ കുടുങ്ങിപ്പോയ പ്രദീപ് ജോൺ കാറ്റിനെയും മഴയെയും കൂടെക്കൂട്ടാൻ തീരുമാനിച്ചു. പിന്നീട് ഈ രംഗത്തെ വിദഗ്ധരെ കണ്ട് അവരിൽ നിന്നും കൂടുതൽ പഠിച്ചു.
കാലാവസ്ഥാ വ്യതിയാനം, ഭൂചലനം, താപനില എന്നിവയെപ്പറ്റിയൊക്കെ ആകാവുന്നത്ര വിവരങ്ങൾ ശേഖരിച്ചു. ഈ മേഖലയിൽ കഴിഞ്ഞ 200 വർഷങ്ങളിലുണ്ടായ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങളുടെ ബൃഹത്തായ ശേഖരം പ്രദീപിന്റെ കൈയിലുണ്ട്. കണ്ണിമ ചിമ്മാതെ ആകാശത്തേയും കാറ്റിനേയും മഴയേയും നോക്കിയിരുന്നു.
പഠനങ്ങളുടെയും മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനവും വിവരശേഖരണവും നടത്തി. പിന്നീട് അദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം കിറുകൃത്യമായതോടെ ജനങ്ങൾ തമിഴ്നാട് വെതർമാൻ എന്ന പേരിൽ തങ്ങളുടെ വിശ്വാസമർപ്പിച്ചു.
മക്കളുടെ വിവാഹത്തിനു മഴയില്ലാത്ത ദിവസം കാട്ടിത്തരുമോയെന്ന ചോദ്യങ്ങൾ പോലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ചുഴലിക്കാറ്റിനെയും പിടിച്ചു
തമിഴ്നാടിന്റെയും ആന്ധ്രയുടെയും തെക്കുകിഴക്കൻ തീരമേഖലയിൽ 2015ലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെപ്പറ്റി നടത്തിയ പ്രവചനങ്ങളാണ് തമിഴ്നാട് വെതർമാനെ രാജ്യം ശ്രദ്ധിക്കാനിടയാക്കിയത്. അഞ്ഞൂറിലേറെപ്പേരാണ് അന്ന് മരിച്ചത്.
തൊട്ടടുത്ത വർഷം തെക്കേയിന്ത്യയെ വിറപ്പിച്ചെത്തിയ വാർധ ചുഴലിക്കാറ്റ് 100 കിലോമീറ്റർ വേഗത്തിൽ ചെന്നൈയിലെത്തുമെന്ന വെതർമാന്റെ പ്രവചനം കൃത്യമായിത്തന്നെ ഫലിച്ചു. ഇതോടെ ജനങ്ങൾ കൂടുതലായി വെതർമാനിൽ വിശ്വാസമർപ്പിച്ചു.
ഒരിക്കൽ ചെന്നൈയിൽ വീണ്ടും പ്രളയമുണ്ടാകുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനെ തുടർന്ന് ആളുകൾ വീടുകൾ ഉപേക്ഷിച്ചു പോകാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നുണ്ടാവില്ലെന്ന വെതർമാന്റെ പ്രവചനമാണ് അവരെ വീടുകളിലേക്ക് തിരിച്ചുവിളിച്ചത്.
സ്ഥലം പറഞ്ഞു പ്രവചനം
കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രയുടേയും ആകാശത്തുണ്ടാകുന്ന ചെറുചലനങ്ങൾ വെതർമാൻ മുൻകൂട്ടിയറിയുന്നു. ഒരു ജില്ലയിലെ ഒരു പ്രത്യേക സ്ഥലത്തിന്റെ പേര് എടുത്ത് പറഞ്ഞുപോലും സൂക്ഷ്മമായി പ്രവചനങ്ങൾ നടത്തുന്നു.
ആശങ്ക ഉണർത്തുന്ന രീതിയിലല്ല, മുൻകരുതലിന്റെ സ്വരത്തിലാണ് വെതർമാൻ കാലാവസ്ഥാ വിവരങ്ങൾ പങ്കു വയ്ക്കുന്നത്. മഴമേഘങ്ങളെക്കുറിച്ചു പഠിക്കാൻ അദ്ദേഹം ഉപഗ്രഹ ചിത്രങ്ങളുടെ സഹായവും തേടുന്നു. സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ.