ചെന്നൈ : ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ശക്തമായ ചുഴലിക്കാറ്റ് വീശുമെന്നും കനത്ത മഴപെയ്യുമെന്നുമുള്ള പ്രവചനങ്ങള്‍ കേരളത്തെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഏഴാം തീയതി അതിതീവ്ര മഴ ഉണ്ടാകുമെന്ന കാലാവ്സഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം തള്ളി ‘തമിഴ്നാട് വെതര്‍മാന്‍’ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും റെഡ് അലേര്‍ട്ടില്‍ പറയുന്നതു പോലെ ഏഴാം തീയതി മഴ പെയ്യില്ലെന്നുമാണ് ‘തമിഴ്നാട് വെതര്‍മാന്‍’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായ പ്രദീപ് ജോണിന്റെ വിശദീകരണം. കാലാവസ്ഥാ നിരീക്ഷണത്തില്‍ കൃത്യതകൊണ്ട് പ്രശസ്തനാണ് ഇദ്ദേഹം.
2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016 ല്‍ വാര്‍ധ ചുഴലിക്കാറ്റ് വീശിയപ്പോഴും പ്രദീപിന്റെ പ്രവചനങ്ങള്‍ സത്യമായിരുന്നു. വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. എന്നാല്‍, 100 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് ചെന്നൈയിലേയ്ക്കാണ് എത്തുക എന്ന പ്രദീപിന്റെ മുന്നറിയിപ്പാണ് ശരിയായത്. കാലാവസ്ഥാ പ്രവചനത്തില്‍ പ്രദീപിനുള്ള വൈദഗ്ധ്യം ഏവര്‍ക്കും അറിയാമെന്നിരിക്കേ അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തിന് ആശ്വാസമാവുകയാണ്.