ഉദഗമണ്ഡലം (തമിഴ്നാട്): പൊതുവേദിയിൽ ആദിവാസി ബാലനെക്കൊണ്ട് തമിഴ്നാട് മന്ത്രി ചെരുപ്പഴിപ്പിച്ചതു വിവാദമായി.
ഉദഗമണ്ഡലത്തിനു സമീപം മുതുമലൈ ടൈഗർ റിസർവിലെ തിപ്പക്കാട് ആനസംരക്ഷണകേന്ദ്രത്തിലാണ് വനംമന്ത്രി ദിണ്ഡിഗൽ ശ്രീനിവാസന് കുട്ടിയെക്കൊണ്ട് ചെരുപ്പിന്റെ ഹുക്ക് അഴിപ്പിച്ചത്.
ഇതിന്റെ വീഡിയോദൃശ്യം സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മന്ത്രിയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയർന്നു.
ജില്ലാ കലക്ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പമെത്തിയ മന്ത്രി ക്യാന്പിലുള്ള ഒരു ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുക്കാനായി കയറുന്പോഴാണ് ചെരിപ്പ് അഴിച്ചുതരാൻ മന്ത്രി കുട്ടിയോട് നിർദേശിച്ചത്.
പൊതുജനം ചുറ്റും കൂടിനിൽക്കേ മന്ത്രിയുടെ നിർദേശം ബാലൻ അനുസരിക്കുകയും ചെയ്തു.
എന്നാൽ തന്റെ കൊച്ചുമകനെപ്പോലെയാണ് കുട്ടിയെ കാണുന്നതെന്നും സംഭവം തികച്ചും യാദൃശ്ചികം മാത്രമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവുകൂടിയായ മന്ത്രി വിശദീകരിച്ചു.
വനംമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്നും ശക്തമായ നടപടി വേണമെന്നുമായിരുന്നു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ ആവശ്യം.