ചെന്നൈ: തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴയിൽ മേട്ടുപ്പാളയത്ത് നാഡൂർ ഗ്രാമത്തിൽ വീടുകൾ ഇടിഞ്ഞ് 17 മരണം. നാലു വീടുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. അവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.വീടുകൾക്കുമേൽ മതിലിടിഞ്ഞ് വീണാണു ദുരന്തമുണ്ടായത്.
മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനിയിൽ ഇന്നു പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്.ഗുരു (45), രാമനാഥ് (20), അനന്ദകുമാർ (40), ഹരിസുധ (16), ശിവകാമി (45), ഓവിയമ്മാൾ (50), നാദിയ (30), വൈദേഹി (20), തിലഗവതി (50), അറുകാണി (55), രുക്കുമണി (40), നിവേത (18), ചിന്നമ്മാൾ (70), അക്ഷയ (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരുകൾ ലഭ്യമായിട്ടില്ല.കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്.
തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്. നിരവധി ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉൗട്ടി-മേട്ടുപ്പാളയം റൂട്ടിൽ മരപ്പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.
അടിയന്തര സാഹചര്യം നേരിടുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ 176 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്. ആവശ്യംവന്നാൽ ഉപയോഗിക്കുന്നതിന് ബോട്ടുകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 630 പന്പുകളും ശുചീകരണ യന്ത്രങ്ങളും തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.ഇതോടെ രണ്ടു ദിവസമായി തുടരുന്ന മഴയിൽ തമിഴ്നാട്ടിൽ ആകെ മരിച്ചവരുടെ എണ്ണം 22ആയി. ചെന്നൈ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു.