പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തോട് രാജ്യം ഒന്നാകെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ലക്ഷക്കണക്കിനാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ബാക്കിയുളളവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും സജീവമാണ്. ഇന്നലെയും ഇന്നുമായി മഴ കുറഞ്ഞതും കേരളത്തിന് ആശ്വാസം നല്കുന്നു. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ എത്തുന്നുണ്ട്.
അടിയന്തര ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളും സഹായം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര, തെലങ്കാന, യുപി, ഡല്‍ഹി, മദ്ധ്യപ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഹരിയാന, ചത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടക, തിഴ്നാട്, ജാര്‍ഖണ്ഡ്, ഒഡിഷ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി സഹായാഭ്യാര്ഥനകളുടെ ബഹളമാണ്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുളളവരുടെ ശ്രദ്ധയില്‍ കേരളത്തിന്റെ അവസ്ഥ അറിയിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ശ്രമങ്ങള്‍ ഉയര്‍ന്നു.
സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കി സിനിമാവ്യവസായത്തില്‍ കല്ലുകടിയായി മാറിയ തമിഴ്റോക്കേഴ്സ് വരെ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിന്റെ മുകളില്‍ തന്നെ കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുളള വിവരങ്ങളും സഹായം അഭ്യര്‍ത്ഥിച്ചുളള സന്ദേശങ്ങളും കാണാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിലേക്ക് സംഭാവന നല്‍കാനും ഇതിന്റെ വിശദവിവരങ്ങളും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ അടിയന്തര സഹായങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍, അവശ്യസാധനങ്ങള്‍ എത്തിക്കേണ്ട സ്ഥലങ്ങള്‍, ഹെല്പ് ലൈന്‍ നമ്പറുകള്‍ എന്നിവയൊക്കെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.