മമ്മൂട്ടി ചിത്രമായ “വൺ’ സിനിമയിൽ മുഖ്യമന്ത്രി അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന രംഗം ആരാധകർ നിറഞ്ഞ കൈയടിയോടെയാണ് ഏറ്റെടുത്തത്.
മമ്മൂട്ടിയാണ് ജനകീയ മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
എന്നാൽ സിനിമയിലേതിന് സമാനമായ രംഗമാണ് തമിഴ്നാട്ടിലെ ആദിയമ്മൻകോട്ടെ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി നടന്നത്.
ധർമപുരി ജില്ലയിലെ ആദിയമ്മൻകോട്ടെ പോലീസ് സ്റ്റേഷനിലേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ മുഖ്യമന്ത്രി എത്തിയത്.
ധർമപുരിയിൽ നിന്നും സേലത്തേക്കുള്ള രാത്രി യാത്രയിലായിരുന്നു ഈ മിന്നൽ സന്ദർശനം.
പൊതുജനങ്ങളോടുള്ള പോലീസ് നിലപാടുകളും പരാതികളിൽ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ഈ വരവ്.
സ്റ്റേഷനിലെത്തിയ അദ്ദേഹം രജിസ്റ്ററുകൾ വിശദമായി പരിശോധിച്ചു. ലഭിച്ച പരാതികൾ അതിലെടുത്ത നടപടികൾ അങ്ങനെ സ്റ്റേഷന്റെ പ്രവർത്തനം കൃത്യമാണോ എന്ന് മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു.
സ്റ്റാലിൻ സർക്കാരിന്റെ “നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി’ എന്ന പദ്ധതിയെ കുറിച്ചും അദ്ദേഹം പൊലീസുകാരോട് ചോദിച്ചറിഞ്ഞു. സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.