സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് ഭീതിയിൽ രാജ്യം കടുത്ത ആശങ്കയിൽ നിൽക്കുന്നതിനിടെ രാമായണം സീരിയൽ കാണുകയാണെന്നു ട്വിറ്ററിൽ പോസ്റ്റിട്ട കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെതിരേ വ്യാപക പ്രതിഷേധം.
ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തുനിന്നു കൂട്ട പലായനം നടക്കുന്നതിനിടെ മന്ത്രി രാമായണം കണ്ടു രസിക്കുന്നു എന്നാണ് വിമർശനം ഉയർന്നത്. സംഭവം വിവാദമായതോടെ മന്ത്രി ട്വീറ്റ് ഡിലീറ്റ് ചെയ്തു.
“ഞാൻ രാമായണം കാണുകയാണ്, നിങ്ങളോ?’-എന്നായിരുന്നു ജാവഡേക്കറിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ മെൻഷൻ ചെയ്താണ് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു പിന്നാലെ തന്നെ രാജ്യത്ത് ജനങ്ങൾ പലായനം ചെയ്യുന്നതിനിടെ നീറോ ചക്രവർത്തി രാമായണം കണ്ടിരിക്കുകയാണ് എന്നതടക്കമുള്ള ട്വീറ്റുകൾ വിമർശനമായി എത്തി. പിഞ്ചു കുട്ടികളുമായി നടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രമാണ് ചിലർ മറുപടിയായി പോസ്റ്റ് ചെയ്തത്. ഇതോടെ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത മന്ത്രി, പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.