ഐറ്റം ഡാൻസ് ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്നു നടി തമന്ന ഭാട്ടിയ. ഏറ്റവും പുതിയ ചിത്രമായ എഫ് 2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്റെ റിലീസിങ് തിരക്കുകളിലാണ് തമന്ന ഇപ്പോൾ.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് തമന്നയ്ക്ക് ഐറ്റം ഡാൻസ് ചെയ്യാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യം നേരിടേണ്ടി വന്നത്. കരിയറിൽ അത്തരമൊരു അവസരം വന്നാൽ ചെയ്യുമോ എന്നായിരുന്നു ചോദ്യം. തീർച്ചയായും ചെയ്യും എന്നായിരുന്നു നടിയുടെ മറുപടി.
കരിയറിന്റെ തുടക്കത്തിൽ ഡാൻസ് കൊണ്ടാണ് എന്നെ ആളുകൾ ശ്രദ്ധിച്ചത്. ഇപ്പോഴുള്ള നടിമാർക്ക് തങ്ങളുടെ ഡാൻസിലുള്ള കഴിവ് തെളിയിക്കാൻ അധികം അവസരങ്ങൾ ലഭിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഒരു ഐറ്റം ഡാൻസ് ലഭിച്ചാൽ അതൊരു അവസരമായി കാണും- തമന്ന പറഞ്ഞു.
എഫ് 2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷൻ നാളെ റിലീസ് ചെയ്യും. തമിഴിൽ കണ്ണേ കലൈമാനേ എന്ന ചിത്രമാണ് റിലീസിന് തയാറെടുക്കുന്നത്. ദാറ്റ് ഈസ് മഹാലക്ഷ്മി, സേ റാ നരംസിഹ റെഡ്ഡി എന്നീ തെലുങ്ക് ചിത്രങ്ങൾക്ക് പുറമെ ദേവി 2 എന്ന തമിഴ് ചിത്രവും കാമോഷി എന്ന ഹിന്ദി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ചുരുക്കത്തിൽ തെലുങ്ക്, തമിഴ് സിനിമകളിൽ അത്യാവശ്യം നല്ല തിരക്കിലാണ് തമന്ന ഇപ്പോൾ. ഇടയ്ക്കിടെ ബോളിവുഡിലും തല കാണിക്കാൻ ഈ തെന്നിന്ത്യൻ താരസുന്ദരിക്ക് അവസരം ലഭിക്കുന്നുണ്ട്.