അടുത്തിടെ തമന്ന ഭാട്യ പുതിയ വീട് സ്വന്തമാക്കിയതു വലിയ വാർത്തയായിരുന്നു. കോടികൾ മുടക്കിയാണ് താരം പുതിയ വീട് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു.
മുംബൈ ജുഹുവെർസോവ ലിങ്ക് റോഡിലെ 22 നിലകളുള്ള ബേവ്യൂ ഫ്ളാറ്റ് സമുച്ചയത്തിലെ 14-ാം നന്പർ ഫ്ളാറ്റാണ് തമന്ന ഇരട്ടിവില നൽകി സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളിലും ഈ വാർത്ത പ്രസിദ്ധീകരിച്ചു. സംഭവം വൈറലായി മാറിയപ്പോഴും താരം പ്രതികരിച്ചിരുന്നില്ല.
മുംബൈ മിററിന് നൽകിയ ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലാണ് തമന്ന ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. സിന്ധി മതത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും ഇരട്ടിവില നൽകി താനെങ്ങനെ അപ്പാർട്മെന്റ് സ്വന്തമാക്കുമെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. തന്റെ ടീച്ചറാണ് ഈ വാർത്ത അയച്ചുതന്നത്. ഇത്തരത്തിലുള്ള കിംവദന്തികൾക്ക് എന്ത് മറുപടിയാണ് നൽകേണ്ടതെന്നും താരം ചോദിക്കുന്നു.
ആളുകൾ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നു. ഒരു വീട് വാങ്ങി, ഇരട്ടിവില നൽകിയല്ല വീട് സ്വന്തമാക്കിയത്. പുതിയ വീട് ശരിയായാൽ താനും കുടുംബവും അങ്ങോട്ടേക്ക് മാറും. ലളിതമായ വീടാണ് തനിക്ക് ഇഷ്ടമെന്നും താരം പറയുന്നു.