കിഴക്കമ്പലം: ഉദ്ഘാടനത്തിനു മുമ്പേ കിഴക്കന്പലത്ത് കുടിവെള്ള ടാങ്ക് ചോർന്നു. ഇതോടെ പള്ളിക്കര പള്ളിമുകൾ കോളനി നിവാസികൾക്ക് കുടിക്കാൻ വെള്ളമില്ല. ഉയർന്ന പ്രദേശമായ ഇവിടെ നൂറോളം കുടുംബങ്ങളാണുള്ളത്. വൻ പ്രതീക്ഷയോടെ കാത്തിരുന്ന കുടിവെള്ള പദ്ധതി കരാറുകാരന്റെ അനാസ്ഥയിൽ മുങ്ങിപ്പോയതോടെ ജനം വെട്ടിലായി.
പഴയ ടാങ്ക് പൊളിച്ചുമാറ്റിയായിരുന്നു പുതിയ ടാങ്ക് നിർമാണം ആരംഭിച്ചിരുന്നത്. പുതിയ ടാങ്ക് പൊളിച്ചുമാറ്റിയെങ്കിലും പുനർനിർമിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ടാങ്കിന്റെ നിർമാണം കഴിഞ്ഞ് വെള്ളം കെട്ടി നിർത്തിയപ്പോഴാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പള്ളിമുകൾ കോളനി നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. പദ്ധതി പ്രകാരം കുടിവെള്ള ടാങ്ക്, കമ്മ്യൂണിറ്റി ഹാൾ, ഹൈമാസ്റ്റ് ലൈറ്റ്, റോഡ് ടൈൽ വിരിക്കൽ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ഒരു പദ്ധതി പോലും പൂർത്തിയാക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല.
റോഡ് ടൈൽ വിരിച്ചെങ്കിലും ഇളകിയ നിലയിലാണ്. കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിന് അഞ്ചു സെന്റ് സ്ഥലം വാങ്ങിയെങ്കിലും ഇതിന് പിന്നിലും അഴിമതിയാരോപണമുണ്ട്.വഴിപോലുമില്ലാത്ത സ്ഥലമാണ് വാങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ എങ്ങനെ കമ്യൂണിറ്റി ഹാൾ നിർമിക്കുമെന്നാണ് നാട്ടുകാരുടെ ചോദിക്കുന്നത്.