കൊയിലാണ്ടി: ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറിയും എല്‍പിജി. ടാങ്കറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.വഴിയാത്രക്കാരനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്.രണ്ട്കടകളും തകര്‍ന്നു. കണ്ട്യനര് ലോറിയുണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫര്‍(47) എല്‍പിജി ടാങ്കര്‍ ഡ്രൈവര്‍ തമിഴ് നാട് സ്വദേശി രാജേന്ദ്രന്(48) എന്നിവരാണ് മരിച്ചത്.
എല്‍പിജി ടാങ്കറിലുണ്ടായിരുന്ന ചിന്ന ദുരൈ, കണ്ടെയ്നര്‍ ലോറിയിലുണ്ടായിരുന്ന ബാപ്പു, അബൂബക്കര്‍ എന്നിവരെയും കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന കോട്ടയം സ്വദേശി രാജനെയും കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ബാപ്പുവിന്റെ നില ഗുരുതരമാണ്.
ഇന്നു പുലര്‍ച്ചെ 2.45 ഓടെ നഗരഹൃദയഭാഗത്ത് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. കോഴിക്കോട് നിന്ന് മത്സ്യം കയറ്റിപ്പോവുകയായിരുന്നു കണ്ടെയ്നര്‍ ലോറി മംഗലാപുരത്തുനിന്ന് എല്‍പിജി. കയറ്റി ചേളാരിയിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി രണ്ട് കടകളിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് കടകള്‍ പൂര്‍ണമായും തകര്‍ന്നു. പി.കെ.റിയാസിന്റെ ഉടമസ്ഥതയിലുള്ള ഇ.പി. സൂപ്പര്‍മാര്‍ക്കറ്റ്, കളയങ്കോട് സ്വദേശി സുരേഷിന്റെ ഡ്രീംസ് റെഡിമെയ്ഡ് എന്നീ സ്ഥാപനങ്ങളാണ് തകര്‍ന്നത്.
കൊയിലാണ്ടി ഫയര്‍ഫോഴ്സും പോലീസും ഓട്ടോ ഡ്രൈവര്‍മാരും കുതിച്ചെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.കണ്ടെയ്നര്‍ ലോറിയിലുണ്ടായിരുന്നവരെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്.
ലോറിക്കും ബില്ഡംഗിനുമിടയില് കുടുങ്ങിക്കിടക്കുകയായിരുന്നു രാജന്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ അഞ്ചിനാണ് ഭാഗിഗമായി ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ടയ്നര്‍ ലോറി ടാങ്കറിലിടിച്ചതെന്നാണ് പറയുന്നത്. ടാങ്കറിന്റെ മുന്‍ഭാഗത്തെ ക്യാബിന് പുര്‍ണമായും തകര്‍ന്നു.
അപകടവിവരമറിഞ്ഞ് കൊയിലാണ്ടി തഹസില്‍ദാര്‍ ബി.പി.അനി. മറ്റ് റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൊയിലാണ്ടി സിഐ.കെ.ഉണ്ണികൃഷ്ണന്, എസ്ഐ റൗഫ്, തുടങ്ങിയവരും, ജനപ്രതിനിധികളും കൊയിലാണ്ടി അഗ്നിശമന സേനാവിഭാഗം സ്റ്റേഷന് ഓഫീസര്‍ സി.പി.ആനന്ദന് തുടങ്ങിയവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
അപകടത്തില്‍പ്പെട്ട കണ്ടെയ്നര്‍ ലോറി പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റി.ചേളാരിയില്‍നിന്നും ഇന്സ്പെക്ഷന് സീനിയര്‍ ഫോര്മാന്മാരായ മധുസൂദനന്, വിനോദ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ടാങ്കര്‍ ലോറി പരിശോധിച്ച് ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തി, റോഡില്‍ നിന്നും മാറ്റി.