കണ്ണൂര്‍: പാചകവാതകം, തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ എന്നിവ കൊണ്ടു പോകുന്ന ടാങ്കറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ സര്‍വീസ് സംബന്ധിച്ച് കര്‍ശന നിയമങ്ങളുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മിക്ക ടാങ്കറുകളും സര്‍വീസ് നടത്തുന്നത്.
ബുള്ളറ്റ് ടാങ്കര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് നിയമം. എന്നാല്‍ ഇത് പരസ്യമായി ലംഘിച്ചാണ് ബുള്ളറ്റ് ടാങ്കറുകളുടെ സര്‍വീസ്. ഒരു ലോഡ് നിശ്ചിത കേന്ദ്രത്തിലെത്തിക്കുന്നതിനാണ് ടാങ്കര്‍ ജീവനക്കാര്‍ക്ക് പ്രതിഫലം.
ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ വാഹനത്തിലുണ്ടെങ്കില്‍ ഈ തുക ഇവര്‍ വീതിച്ചെടുക്കുകയാണ് ചെയ്യുക. എന്നാല്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മിക്ക ഡ്രൈവര്‍മാരും മറ്റുള്ളവരെ കൂട്ടാറില്ല.
ഇന്ധനം നിറച്ചു കൊടുക്കുന്ന ഓയില്‍ കോര്പറേഷന് കേന്ദ്രങ്ങളില്‍ വാഹനം പരിശോധിച്ച് ചുരുങ്ങിയത് രണ്ട് ഡ്രൈവര്‍മാരെങ്കിലും വേണമെന്ന് ഉറപ്പു വരുത്തണമെന്നും നിയമമുണ്ട്.
വാഹന നമ്പര്‍, ഇതിലെ ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവ ഇന്ധനം നിറച്ചു നല്കുന്ന കേന്ദ്രത്തില്‍ രേഖപ്പെടുത്തുകയും വേണം. ഇതിനായി ബുള്ളറ്റ് ടാങ്കറിലെ ജീവനക്കാരനാണെന്ന് പറഞ്ഞ് ആളുകളെ വാടകയ്ക്ക് എടുത്ത് ഹാജരാക്കുന്ന രീതിയാണ് മിക്ക ഡ്രൈവര്‍മാരും ചെയ്യുന്നത്.
ടാങ്കറില്‍ വാതകം നിറച്ച് ഇവിടെ നിന്നും പുറപ്പെടുമ്പോള്‍ നടത്തുന്ന പരിശോധനയിലും ഒന്നില്‍ കൂടുതല്‍ പേര് ടാങ്കറുകളില്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇവര്‍ക്ക് നിശ്ചയിച്ച പണം നല്കി പിന്നീട് വിടുകയാണ് പലരും ചെയ്യുന്നത്.
വാഹന പരിശോധനയിലും മറ്റും സാധാരണ ഇത്തരം വാഹനങ്ങളെ ഒഴിവാക്കുന്നതിനാല്‍ തട്ടിപ്പ് കണ്ടെത്താനും കഴിയില്ല. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഓയില്‍ കോര്പറേഷന് ഉത്തരവാദിത്തമില്ലെന്നതും നിയമലംഘനത്തിന് വഴിവെക്കുന്നുണ്ട്.
കേന്ദ്രത്തില്‍ നിന്നും ഇന്ധനം നിറച്ച് പുറത്തേക്ക് പോയിക്കഴിഞ്ഞാലുള്ള പിഴവുകള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഉത്തരവാദികളല്ലെന്ന കരാര്‍ പ്രകാരമാണ് ഇവര്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതെന്നും പറയുന്നു.
ഇത്തരം വാഹനങ്ങള്‍ പകല്‍ സമയത്ത് സര്‍വീസ് നടത്തരുതെന്ന് മോട്ടോര്‍വാഹന നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഇതും പാലിക്കപ്പെടാറില്ല.