സ്വന്തംലേഖകൻ
മുളങ്കുന്നത്തുകാവ്: നിയന്ത്രണം വിട്ട ടാങ്കർ ലോറി വിട്ടിലേക്ക് പാഞ്ഞുകയറി, വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന അമ്മയും കുഞ്ഞുങ്ങളും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് തകർന്നതിനെ തുടർന്ന് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ തൃശുരിൽ നിന്നെത്തിയ അഗനിശമന സേനയാണ് രക്ഷപ്പെടുത്തിയത്. ഇന്നു പുലർച്ച 5.30ന് മുളങ്കുന്നത്തുകാവ് ഗ്രാമലയ്ക്കു സമിപത്താണ് അപകടം.
വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന മുളങ്കുന്നത്തക്കാവ് കാളനി ഉണ്ണി ബാലന്റെ മകൻ ബിനേഷിന്റെ ഭാര്യ ദിവ്യ(31), മക്കളായ നന്ദന(7) നിവേദ്(ഒന്നര) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നിട് അമല മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പെരിന്തൽമണ്ണയിൽ നിന്നും മണ്ണെണ്ണ ഇറക്കി തിരികെ എറുണാകുളത്തേയ്ക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. മതിൽ തകർത്ത് പാഞ്ഞുകയറിയ ലോറി വീടിന്റെ മുൻവശവും തകർത്താണ് നിന്നത്. മുൻവശത്ത മുറിയിലാണ് പരിക്കേറ്റവർ കിടന്നിരുന്നത്.
അത്താണി സിൽക്കിലെ ജിവനക്കാരാനായ ദിവ്യയുടെ ഭർത്താവ് ബിനേഷ് രാത്രി ജോലിക്കു പോയിരിക്കുകയായിരുന്നു. വീടിന്റെ ചുമരും മേൽക്കൂരയുടെ കോണ്ക്രീറ്റ് സ്ലാബും തകർന്ന് അമ്മയും കുട്ടികളും കിടന്നിരുന്ന കട്ടിലിന്റെ മുകളിലേക്ക് വീണു. സ്ലാബ് കട്ടിലിന്റെ മുകളിലേക്ക് നിൽക്കുന്ന കൈവരിയിൽ തടഞ്ഞു നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
ഭൂമി കുലുക്കമാണെന്നാണ് അടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന അമ്മ ചന്ദ്രിക ആദ്യം കരുതിയതത്രേ. പിന്നിട് മുറിയിൽ നിന്നും നിലവിളി കേട്ട് വന്നപ്പോൾ മുറി ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വിവരം അറിഞ്ഞ് രാവിലെ നടക്കാൻ ഇറങ്ങിയവരും നാട്ടുകാരും ഓടിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നപ്പോൾ ഉള്ളിൽ കുടങ്ങിയവരെ രക്ഷപ്പെടുത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു.
വിവരമറിയിച്ച് തൃശൂരിൽ നിന്നുമെത്തിയ അഗ്നിശമന സേനാ വിഭാഗം സ്റ്റേഷൻ ഓഫിസർ എ.എൽ ലാസറിന്റെ നേത്യത്വത്തിൽ ലീഡിംഗ് ഫയർമാൻ അനിൽ, ലൈജു, അജു എന്നിവരുടെ നേതൃത്വത്തിൽ സ്ലാബുയർത്തി നിർത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. മെഡിക്കൽ കോളജ് എസ്ഐ സേതുമാധവന്റെ നേതുത്വത്തിൽ പോലീസും സഥലത്തെത്തിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി അടക്കം നിരവധി നാട്ടുക്കാരും എത്തിയിരുന്നു. എന്നാൽ പരിക്കേറ്റവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നിഷേധിച്ചതായി പരാതിയും ഉണ്ടായി. ഇതെ തുടർന്നാണ് ഇവരെ സ്വാകര്യ ആശുപത്രിയിലേക്ക് മാറ്റിയത്.