കൊച്ചി: ടാങ്കര്‍ ലോറി സമരത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം ഗോഡൗണില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചതിനാല്‍ സംസ്ഥാനത്തെ എച്ച്പി പമ്പുകള്‍ കാലിയായിത്തുടങ്ങി. എച്ച്പിസിയും കോണ്ട്രാക്ടര്മാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കരാര്‍ ലോറി തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കണ്‍സോര്‍ഷ്യത്തില്‍ വരുന്ന ഡീലര്‍മാര്‍ക്ക് ക്യൂ ഒഴിവാക്കി പെട്രോള്‍ നിറച്ച് പോകാന്‍ സാധിക്കുന്ന വിധമാണ് കരാർ.
ഈ സാഹചര്യത്തില്‍ കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് ലോഡ് കുറയുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മുന്‍പ് 520 ഡീലര്‍മാര്‍ക്കും കോണ്‍ട്രാക്ട് തൊഴിലാളികളുടെ വാഹനങ്ങളാണ് പെട്രോള്‍ വിതരണം ചെയ്തിരുന്നത്. ഇപ്രാവശ്യം മുതല്‍ 160 ഡീലര്‍മാര്‍ക്ക് കണ്‍സോര്‍ഷ്യം നേരിട്ട് വിതരണം ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഇത് കോണ്‍ട്രാക്ട് വിതരണക്കാരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിധത്തിലായി.
എഗ്രിമെന്റ് ചെയ്ത കോണ്‍ട്രാക്ട് വാഹനം ക്യൂവില്‍ നിന്നാല്‍ മാത്രമേ പെട്രോള്‍ അനുവദിക്കുകയുള്ളൂ. ഒരു ദിവസം കാത്ത് നിന്നാല്‍ മാത്രം ഒരു ലോഡ് ലഭിക്കുന്ന സാഹചര്യം കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്ക് ഉണ്ടായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതേതുടര്‍ന്ന് ശനിയാഴ്ചയാണ് സമരം ആരംഭിച്ചത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എച്ച്പി പമ്പുകളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം നിലച്ചു. ജില്ലയിലെ ഏതാനും പമ്പുകള്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ കാലിയായി.
ബാക്കിയുള്ളവ ഇന്ന് കാലിയാകുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ പമ്പുകളില്‍ 27 ശതമാനം എച്ച്പിയുടേതാണ്. ഇന്ധനക്ഷാമം അനുഭവപ്പെടില്ലെങ്കിലും സമരം പമ്പുടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ശബരിനാഥ് പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിന് ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. ജില്ലാ കളക്ടര്‍ മുന്നോട്ടുവച്ച പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇരുകൂട്ടരും അംഗീകരിക്കാന്‍ തയ്യാറായില്ല. ക്രമസമാധാനപ്രശ്നത്തില്‍ മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യ
ക്തമാക്കിയ കളക്ടര്‍ കരാറുകളിലെ അപാകതകള്‍ കരാറില്‍ ഒപ്പിട്ടവര്‍ തന്നെ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി.
160 ലോഡ് കണ്‍സോര്‍ഷ്യം എടുക്കുമ്പോള്‍ 100 ലോഡ് കോണ്‍ട്രാക്ട് വണ്ടികള്‍ക്ക് അനുവദിക്കുക എന്നതായിരുന്നു കളക്ടര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തെ കോണ്‍ട്രാക്ട് യൂണിയന് പ്രതിനിധികള്‍ തന്നെ ആദ്യം എതിര്‍ത്തു. മുന്‍പ് നിലനിന്നിരുന്ന രീതിയില്‍ കോണ്‍ട്രാക്ടര്‍മാര്‍ മാത്രം വിതരണം ചെയ്യുന്നരീതി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് കളക്ടര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.
ജില്ലാ ഭരണകൂടം ഭാഗമല്ലാത്ത വിഷയത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയും വിതരണക്കാരും തമ്മിലുള്ള വ്യവസ്ഥകളിലെ പ്രശ്നം എന്ന നിലയ്ക്ക് ജില്ലാ ഭരണകൂടം തര്‍ക്കത്തില്‍ ഇടപെടുന്നില്ല. കണ്‍സോര്‍ഷ്യത്തെ ഉള്‍പ്പെടുത്തും എന്ന വ്യവസ്ഥയോടെയാണ് ടെണ്ടറില്‍ ഇരുകൂട്ടരും ഒപ്പിട്ടിരിക്കുന്നത്. അംഗീകരിച്ച ടെണ്ടറിനെ തന്നെയാണ് കോണ്‍ട്രാക്ടേഴ്സ് യൂണിയന് ഇപ്പോള്‍ എതിര്‍ക്കുന്നത്. കണ്‍സോര്‍ഷ്യത്തിന് പുറമേ വരുന്ന 264 ലോഡ് കൈമാറുന്നതിനാണ് ടെണ്ടര്‍.ഒരു ദിവസം വിതരണകേന്ദ്രത്തില്‍ നിന്ന് ആകെ പോകുന്നതും 264 ലോഡാണ്.