കൊച്ചി: ടാങ്കർ ലോറി സമരം ആറാം ദിവസത്തിലേക്കു കടന്നതോടെ തൊഴിലാളികൾ എച്ച്പി കന്പനി കവാടം ഉപരോധിച്ചു. സമരത്തിനു നേതൃത്വം നൽകുന്ന കേരള പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഏഴ് മുതൽ എട്ടുവരെ ഒരു മണിക്കൂറാണ് ഇരുന്പനത്തെ എച്ച്പി കന്പനിയുടെ കവാടത്തിൽ ഉപരോധം സംഘടിപ്പിച്ചത്.
ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്ത ഉപരോധത്തിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. അതേസമയം, കന്പനി പോലീസ് സംരക്ഷണയിൽ ലോഡുകൾ കൊണ്ടുപോകുന്നുണ്ട്. ഇന്നലെ 40 ലോഡുകൾ ഇത്തരത്തിൽ കൊണ്ടുപോയി. 400 ഓളം ലോഡുകൾ പോകുന്ന സ്ഥാനത്താണ് 40 ലോഡുകൾ പോയിരിക്കുന്നത്. അതിനാൽ തന്നെ എച്ച്പി പന്പുകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകാനുള്ള സാഹചര്യം കുറവാണ്.
സംസ്ഥാനത്തെ 90 ശതമാനം എച്ച്പി പന്പുകളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്. എച്ച്പിയുടെ തുറന്നുപ്രവർത്തിക്കുന്ന പന്പുകളിൽ പ്രീമിയം പെട്രോൾ മാത്രമാണു സ്റ്റോക്കുള്ളത്. പ്രീമിയം തീരുന്ന മുറയ്ക്ക് ഈ പന്പുകളും അടച്ചിടേണ്ടി വരും. എച്ച്പിസിയും കോണ്ട്രാക്ടർമാരും തമ്മിലുള്ള കരാറിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കരാർ ലോറി തൊഴിലാളികൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമരം ആരംഭിച്ചത്. സമരം ശക്തമായി തുടരുമെന്നും നിലവിൽ പുതിയ ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സമരാനുകൂലികൾ വ്യക്തമാക്കി.