കൊച്ചി: ടാങ്കർ ലോറി സമരത്തെത്തുടർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഇരുന്പനം ഗോഡൗണിൽനിന്നുള്ള ചരക്കുനീക്കം നിലച്ചതിനാൽ സംസ്ഥാനത്തെ എച്ച്പി പന്പുകളിൽ 90 ശതമാനവും അടച്ചു. ഇന്ധനം ലഭിക്കാത്തിനെത്തുടർന്നാണു പന്പുകൾ അടച്ചത്. തുറന്നുപ്രവർത്തിക്കുന്ന പന്പുകളിലാകട്ടെ പ്രീമിയം പെട്രോൾ മാത്രമാണു സ്റ്റോക്കുള്ളത്. പ്രീമിയം തീരുന്നമുറയ്ക്ക് ഈ പന്പുകളും അടച്ചിടേണ്ട സ്ഥിതിവിശേഷമാകും ഉണ്ടാകുക.
എച്ച്പിസിയും കോണ്ട്രാക്ടർമാരും തമ്മിലുള്ള കരാറിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കരാർ ലോറി തൊഴിലാളികൾ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു സമരം ആരംഭിച്ചത്. സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണു പന്പുകൾ പൂർണമായും അടച്ചിടേണ്ട സ്ഥിതിയാണു സംജാതമായിട്ടുള്ളത്. ഇതിനിടെ, പോലീസ് അകന്പടിയോടെ ഇന്ധനം എത്തിക്കുന്നതിനുള്ള നീക്കങ്ങൾ ചില പന്പുടമകൾ നടത്തിയെങ്കിലും വിജയിച്ചില്ല.
ടാങ്കർ തൊഴിലാളികളെ ചില സമരാനുകൂലികൾ തടയുന്നതായും പന്പുടമകൾ വ്യക്തമാക്കുന്നു. അതേസമയം, സമരം ശക്തമായി തുടരുമെന്നും നിലവിൽ പുതിയ ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് സമരാനുകൂലികളും വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പന്പുകളിൽ 27 ശതമാനം എച്ച്പിയുടേതാണ്. സമരം അവസാനിപ്പിക്കുന്നതിന് ഞായറാഴ്ച കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
തർക്കവുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പരാജയപ്പെട്ടത്. ജില്ലാ കളക്ടർ മുന്നോട്ടുവച്ച പ്രായോഗിക നിർദേശങ്ങൾ ഇരുകൂട്ടരും അംഗീകരിക്കാൻ തയാറായില്ല. കണ്‍സോർഷ്യത്തിൽ വരുന്ന ഡീലർമാർക്ക് ക്യൂ ഒഴിവാക്കി പെട്രോൾ നിറച്ച് പോകാൻ സാധിക്കുന്ന വിധമാണ് കരാർ. ഈ സാഹചര്യത്തിൽ കോണ്‍ട്രാക്ട് തൊഴിലാളികൾക്ക് ലോഡ് കുറയുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
മുൻപ് 520 ഡീലർമാർക്കും കോണ്‍ട്രാക്ട് തൊഴിലാളികളുടെ വാഹനങ്ങളാണ് പെട്രോൾ വിതരണം ചെയ്തിരുന്നത്. ഇപ്രാവശ്യം മുതൽ 160 ഡീലർമാർക്ക് കണ്‍സോർഷ്യം നേരിട്ട് വിതരണം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത് കോണ്‍ട്രാക്ട് വിതരണക്കാരുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിധത്തിലായി.
എഗ്രിമെന്റ് ചെയ്ത കോണ്‍ട്രാക്ട് വാഹനം ക്യൂവിൽ നിന്നാൽ മാത്രമേ പെട്രോൾ അനുവദിക്കുകയുള്ളൂ. ഒരു ദിവസം കാത്തുനിന്നാൽ മാത്രം ഒരു ലോഡ് ലഭിക്കുന്ന സാഹചര്യം കോണ്‍ട്രാക്ട് വാഹനങ്ങൾക്കുണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതേത്തുടർന്നാണു സമരം തുടങ്ങിയത്.