ടാങ്കര്‍ ലോറി സമരം അഞ്ചാം ദിവസം: ഐഒസി പമ്പുകള്‍ പൂട്ടി; ഇന്ധനക്ഷാമം രൂക്ഷം

BIS-PETROL  കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ശനിയാഴ്ച മുതല്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന സമരത്തെത്തുടര്‍ന്നു സംസ്ഥാനത്തെ പത്തുജില്ലകളിലെ 90 ശതമാനം ഐഒസി പമ്പുകളും അടച്ചു. സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവിടങ്ങളിലേക്ക് ഇന്ധനമെത്തുന്നില്ലായിരുന്നു. അതേസമയം, ഇരുമ്പനം ഐഒസിയില്‍ സമരം തുടരുകയാണ്. ഒത്തുതീര്‍പ്പാക്കുന്നതിനു ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

ഇനി തന്റെ നേതൃത്വത്തില്‍ ചര്‍ച്ചയില്ലെന്നും സ്ഥിതി സര്‍ക്കാരിനെ അറിയിക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. കമ്പനി വിട്ടുവീഴ്ചയ്ക്കു തയാറാകാതെ സമരം അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ ഇന്നു മന്ത്രിതല ചര്‍ച്ചയ്ക്കു സാധ്യതയുണ്ട്. അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.നാലു ദിവസമായി തുടരുന്ന സമരത്തെത്തുടര്‍ന്നാണ് ഇരുമ്പനത്തു നിന്ന് ഇന്ധനം എത്തിക്കുന്ന തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ഐഒസി പമ്പുകള്‍ പൂട്ടിയത്. സംസ്ഥാനത്തെ 55 ശതമാനം പമ്പുകളിലും ഇന്ധനം എത്തിക്കുന്നത് ഐഒസിയില്‍ നിന്നാണ്. സംസ്ഥാനത്ത് 950 ഓളം ഐഒസി പമ്പുകളുണ്ട്. സമരം അവസാനിച്ചില്ലെങ്കില്‍ ഇന്നു വൈകുന്നേരത്തോടെ അവശേഷിച്ച ഐഒസി പമ്പുകളും അടച്ചിടേണ്ടി വരും.

ഐഒസി പമ്പുകള്‍ അടച്ചതോടെ മറ്റു പമ്പുകളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പമ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഐഒസി പമ്പുകളില്‍ ഇന്ധനമില്ലാത്തത് കടുത്ത പ്രതിസന്ധിക്കാണ് വഴിവയ്ക്കുക. മറ്റു പമ്പുകള്‍ വഴി ആവശ്യത്തിന് ഇന്ധനം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.

സമരം തീര്‍ന്നാല്‍തന്നെ പമ്പുകളില്‍ ഇന്ധനമെത്തിക്കാന്‍ മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് ഐഒസി പ്ലാന്റ് അധികൃതര്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതില്‍ പ്രതിഷേധിച്ചാണു സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ലോറി തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ആകെയുള്ള ലോഡിന്റെ 10 ശതമാനം വരെ ഒരു ലോറിയുടമയ്ക്ക് ക്വോട്ട് ചെയ്യാമെന്നും ലോറിയുടെ അറകളില്‍ സെന്‍സര്‍ ഘടിപ്പിക്കണമെന്നും നിരക്കു കുറയ്ക്കണമെന്നുമുള്ള നിബന്ധനകളാണ് ഐഒസി മുന്നോട്ട് വച്ചത്.

എന്നാല്‍, 10 ശതമാനം വ്യവസ്ഥ വന്‍കിടക്കാരെ സഹായിക്കാനാണെന്നും സെന്‍സര്‍ ഘടിപ്പിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത താങ്ങാനാവുകയില്ലെന്നുമാണ് ലോറിയുടമകളുടെ വാദം. പ്ലാന്റില്‍നിന്നു ലോഡ് കൊണ്ടുപോകുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു സര്‍ക്കാരുമായുണ്ടാക്കിയ ധാരണ. ഈ സമയത്തിനുള്ളില്‍ ടെന്‍ഡറിലെ അപാകതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും തീരുമാനിച്ചിരുന്നു. ഈ വിഷയത്തല്‍ 21 ന് ടാങ്കര്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍, ധാരണ പ്ലാന്റ് അധികൃതര്‍ പാലിച്ചില്ലെന്നാണ് പരാതി. ഐഒസിയില്‍ നടക്കുന്ന സമരം എത്രയും വേഗം പരിഹരിക്കണമെന്ന് കേരളാ സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Related posts