ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുടിവെള്ള ടാങ്കർ തടഞ്ഞ് പ്രതിഷേധിച്ചു. കല്ലുവാതുക്കലിൽ ദേശീയപാതയിലാണ് നാട്ടുകാർ പഞ്ചായത്തിന്റെ രണ്ട് ടാങ്കർ തടഞ്ഞത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് വേണ്ടത്ര കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.പഞ്ചായത്ത് അധികൃതരെത്തി അനുകൂല തീരുമാനം കൈക്കൊള്ളുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു.വിവരമറിഞ്ഞ് പാരിപ്പള്ളി പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല.
ഇതിനിടെ അതു വഴി കടന്നു പോയ പ്രേമചന്ദ്രൻ എംപി വാഹനം നിർത്തി സമരക്കാരുമായി പ്രസംഗിച്ചു. എംപിയുടെയും സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രതിനിധികളുടെയും നിർദേശപ്രകാരം സമരക്കാർ പഞ്ചായത്ത് ഒാഫീസിലെത്തി നടത്തിയ ചർച്ചയിൽ ലഭ്യമായ വാഹനങ്ങളുപയോഗിച്ച് എല്ലാ വാർഡിലും കുടിവെള്ളമെത്തിക്കാമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.