വടകര: അഴിയൂര്‍ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളി മുതല്‍ അഴിയൂര്‍ ചുങ്കം വരെയുള്ള പഴയ ദേശീയപാതയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ടാങ്കര്‍ ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു.
ലോറി ഡ്രൈവര്‍മാരും ക്ലീനര്മാറും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സഞ്ചരിച്ച് അഴിയൂരില്‍ പാര്‍ക്ക് ചെയ്യുകയും തൊട്ടടുത്ത ഹോട്ടലില്‍ ഇടപഴകുകയും ചെയ്യുന്നതാണ് ഉല്‍ക്കണ്ഠക്കു കാരണമായിരിക്കുന്നത്.
ദിവസവും നിരവധി ലോറികളാണ് ഇവിടെ നിര്‍ത്തിയിടുന്നത്. കോവിഡ് സമ്പര്‍ക്ക സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ വാഹന പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യവും മറ്റു സംവിധാനങ്ങളും ഒരുക്കണമെന്ന് ജില്ലാ കളക്ടറോടും വടകര ആര്‍ടിഒ വിനോടും അഭ്യര്‍ഥിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് ആര്‍ആര്‍ടി യോഗം നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.
കൂടാതെ ഡ്രൈവര്‍മാര്‍ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും കൈയ്യുറ, മാസ്ക് എന്നിവ ധരിച്ച് മാത്രമേ ഭക്ഷണം വില്‍പ്പന നടത്താന്‍ പാടുള്ളൂ എന്നു നിര്‍ദേശിക്കുകയുമുണ്ടായി. ഒരു കാരണവശാലും സമ്പര്‍ക്ക സാധ്യതയുള്ള രീതിയില്‍ ഹോട്ടല്‍ കച്ചവടം പാടില്ലെന്നു ഹോട്ടലുടമകളെ അറിയിച്ചിട്ടുണ്ട്.
നിര്‍ദേശം ലംഘിക്കുകയാണെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അറിയിച്ചു തലശ്ശേരിയില്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 പകര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് അഴിയൂരില്‍ നടപടികള്‍ ഊര്ജിതപ്പെടുത്തിയത്.