ബോളിവുഡ് നടൻ നാന പടേക്കർക്കെതിരേ ഉന്നയിച്ച ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ നടി തനുശ്രീ ദത്തയ്ക്കെതിരേ കേസ്.
മഹാരാഷ്ട്ര നവനിർമാണ്‍ സേന അധ്യക്ഷൻ രാജ് താക്കറെക്കെതിരായ പരാമർശങ്ങളെ അടിസ്ഥാനമാക്കി എംഎൻഎസ് യൂണിറ്റ് പ്രസിഡന്റ് സുമന്ത് ദാസാണ് നടിക്കെതിരേ പോലീസിൽ മാനനഷ്ടക്കേസ് നൽകിയത്. നടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം ആരംഭിച്ചതായും മുംബൈയിലെ കൈജ് പോലീസ് ഓഫീസർ അറിയിച്ചു.
നടൻ നാന പടേക്കർക്കെതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് നടി രാജ് താക്കറെയുടെ പേരും പരാമർശിച്ചത്. രാജ് താക്കറെ ശിവസേനാ മുൻ അധ്യക്ഷൻ ബാൽ താക്കറെയുടെ പിൻഗാമിയാകാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അതിനു കഴിഞ്ഞില്ലെന്നും തനുശ്രീ പറഞ്ഞു.
ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ നാന പടേക്കർ മോശമായി പെരുമാറിയതിനെ തുടർന്ന് താൻ ഇറങ്ങിപ്പോയെന്നും ഇതിനു പിന്നാലെ എംഎൻഎസ് പ്രവർത്തകർ തന്റെ കാർ തല്ലിത്തകർക്കാൻ ശ്രമിച്ചെന്നും നടി ആരോപിച്ചിരുന്നു.
അതേസമയം, ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ഭാഗമാകാനുള്ള തന്ത്രമാണ് നടിയുടേതെന്നായിരുന്നു എംഎൻഎസ് നേതാക്കളുടെ പ്രതികരണം. ഇതേതുടർന്ന് ലോണവാലയിൽ ബിഗ് ബോസ് ഷൂട്ടിംഗ് മേഖലയിൽ എംഎൻഎസ് പ്രവർത്തകർ എത്തി ഭീഷണി മുഴക്കിയിരുന്നു.