കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുഗതാഗത ദിനാചരണത്തിന്റെ ഭാഗമായി കേരള ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ ബസ് യാത്ര നടത്തി. കച്ചേരിപ്പടിയിൽനിന്നു ചിറ്റൂരിലേക്കാണ് അദ്ദേഹം യാത്ര നടത്തിയത്.
തുടർന്ന്, സൗത്ത് ചിറ്റൂർ വൈസ്മെൻ ക്ലബ്ബിന്റെ ആതിഥേയത്തിൽ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പ്രദേശത്തെ പൊതുഗതാഗത പ്രശ്നങ്ങളെ പറ്റിയുള്ള ചർച്ചയിൽ ട്രാൻസ്പോർട്ട് കമ്മീഷണറും ഹൈബി ഈഡൻ എംഎൽഎയും പങ്കെടുത്തു.
യോഗത്തിൽ ചിറ്റൂർ ഫെറി സ്റ്റാൻഡിൽ വരുന്ന ബസുകൾ ആസ്റ്റർ മെഡ്സിറ്റി-കണ്ടെയ്നർ റോഡ് വഴി കളമശേരി മെട്രോ സ്റ്റേഷൻ വഴി ബന്ധിപ്പിക്കുവാനും തുടർന്ന് എച്ച്എംടി സീപോർട്ട്-എയർപോർട്ട് വഴി കാക്കനാട് വരെ നീട്ടണമെന്നും ആവശ്യപ്പെട്ട് വൈസ്മെൻ ക്ലബ് പ്രതിനിധി എബനേസർ ചുള്ളിക്കാട്ട് നിവേദനം സമർപ്പിച്ചു.
പുതിയ ആശയം എറണാകുളത്തിന്റെ വടക്കേ ഭാഗത്തേക്കുള്ള ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. പുതിയ റൂട്ടുകൾ അനുവദിക്കുന്നതിന് സന്നദ്ധരായി ബസ് ഓപ്പറേറ്റർമാർ മുന്നോട്ടു വരണമെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
സിപിപിആർ ചെയർമാൻ ഡി. ധനുരാജ്, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ്മെൻ ക്ലബ് സെക്രട്ടറി ബാബു ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ, മോട്ടോർ ട്രാൻസ്പോർട് ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരും പൊതുഗതാഗത ദിനാചരണത്തിന്റെ ഭാഗമായി.