കോഴിക്കോട്: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അത്ലാന്റിക് ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന് അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതി ബോട്ടുടമ പി. നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.
ഒളിവില്‍പോയ മറ്റൊരു ജീവനക്കാരനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന് താനൂര്‍ സ്വദേശി സലാം, മറ്റൊരു സഹോദരന്റെ മകന് വാഹിദ്, നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരാണ് ഇതുവരെ അറസ്റ്റിലായ മറ്റുള്ളവര്‍.
അപകടത്തിനിരയായ ബോട്ടില്‍ 37 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേരെ കയറ്റിയത്.
ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്പോലും യാത്രക്കാരെ കയറ്റി. ഇവടേക്ക് കയറാന്‍ സ്റ്റെപ്പുകള്‍ വച്ചു.
അപകടം നടന്ന ദിവസത്തിനുമുമ്പ് ബോട്ടില്‍ ജോലി ചെയ്ത ജീവനക്കാരെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ബോട്ടിന് അനധികൃതമായി ലൈസന്‍സ് ലഭിക്കാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
ഇവരെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനിടെ, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മലപ്പുറം എസ്പി എസ്. സുജീത്ദാസിനെ മേധാവിയാക്കിയുള്ളതാണ് അന്വേഷണസംഘം.
താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നിയാണ് അന്വേഷണ ഉദ്യേഗസ്ഥന്. കൊണ്ടോട്ടി എഎസ്പി വിജയഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജീവന് ജോര്‍ജ് എന്നിവര്‍ അംഗങ്ങളാണ്.
ഉത്തരമേഖലാ ഐജി നീരജകുമാര് ഗുപ്ത മേല്‍നോട്ടം വഹിക്കും. ബോട്ടപകടം അന്വേഷിക്കുന്നതിനുള്ള ജുഡീഷല്‍ കമ്മീഷനെ ഇന്നുചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ജുഡീഷല്‍ കമ്മിഷനായി നിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചന.