മുണ്ടക്കയം: പച്ചക്കപ്പയുടെ വില കുതിച്ചുയരുകയാണ്. പല സ്ഥലത്തും കപ്പയുടെ വില 50 രൂപയ്ക്കു മുകളിലാണ്. വില ഉയർന്നെങ്കിലും ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.
ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വ്യാപകമായിയാണ് മുൻകാലങ്ങളിൽ കർഷകർ കപ്പകൃഷി നടത്തിവന്നിരുന്നത്. സ്ഥലം പാട്ടത്തിനെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിരുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കപ്പയ്ക്ക് അടിസ്ഥാനവില പോലും ലഭിച്ചിരുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കർഷകരും കോഴിവളവും എല്ലുപൊടിയും ഉപയോഗിച്ച് ജൈവകൃഷിയാണ് നടത്തുന്നത്.
വളത്തിന്റെ വിലയും പാട്ടത്തുകയും പണിക്കൂലിയും കഴിഞ്ഞാൽ പിന്നെ കർഷകർക്ക് മിച്ചമൊന്നും ലഭിക്കാറുമില്ലായിരുന്നു.
കഴിഞ്ഞ വർഷം കർഷകർ ഉത്പാദിപ്പിച്ച കപ്പ വാങ്ങാൻ പോലും വ്യാപാരികൾ തയാറായില്ല. ഇതോടെ ഭൂരിഭാഗം കർഷകരും കപ്പ വിൽക്കാൻ പറ്റാതെ ഉപേക്ഷിക്കേണ്ട ഗതികേടിലായി.
ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകരാണ് വലിയ ദുരിതത്തിലായത്.
ഇടനിലക്കാരുടെചൂഷണം
കപ്പയുടെ വില മുൻകാലങ്ങളിൽ കുത്തനെ ഇടിയാൻ പ്രധാനകാരണം ഇടനിലക്കാരുടെ ചൂഷണമാണ്.
സംസ്ഥാനത്ത് നാടൻകപ്പ വ്യാപകമായി ലഭിക്കുമെങ്കിലും അന്യസംസ്ഥാനത്തുനിന്ന് രാസവളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കപ്പ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ ഇടനിലക്കാർ കൂടുതലായുമെത്തിച്ച് നൽകിയിരുന്നത് ഈ കപ്പയാണ്.
കൂടുതൽ ലാഭം ലഭിക്കുമെന്നതുതന്നെയാണ് പ്രധാന കാരണവും.ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ കപ്പക്കർഷകർക്ക് കൃഷിഭവൻ മുഖേന സബ്സിഡി നൽകിയിരുന്നു.
കപ്പയ്ക്ക് വില ലഭിച്ചില്ലെങ്കിൽപോലും സർക്കാർ നൽകുന്ന ധനസഹായം അടിയന്തരഘട്ടങ്ങളിൽ കർഷകർക്ക് ഉപകാരപ്രദമായിരുന്നു.
പണിക്കൂലി ലഭിച്ചില്ലെങ്കിലും പാട്ടക്കൂലി കൊടുക്കാനുള്ള തുകയെങ്കിലും സബ്സിഡിയായി ലഭിക്കുമായിരുന്നെന്ന് കർഷകർ പറയുന്നു.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൃഷിഭവൻ മുഖേനയുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇതിനുപകരം കൈതക്കൃഷിക്ക് സബ്സിഡി നൽകാൻ കൃഷി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതും കപ്പക്കർഷകർക്ക് തിരിച്ചടിയായി.
കാലാവസ്ഥാവ്യതിയാനവും പ്രശ്നം
കഴിഞ്ഞ കുറേ വർഷങ്ങളായി കപ്പക്കൃഷി നടത്തിയിരുന്ന കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായതോടെ കൃഷിയിറക്കാനാരും തയാറായില്ല.
ഒപ്പം കഴിഞ്ഞവർഷമുണ്ടായ കാലാവസ്ഥാ വ്യതിയാനവും കപ്പ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ ഇപ്പോൾ നാടൻ കപ്പ കിട്ടാനില്ലാത്ത സാഹചര്യമാണ്.
നാമമാത്രമായ കർഷകർക്ക് മാത്രമാണ് ഇപ്പോൾ നാടൻ പച്ചക്കപ്പ വിൽക്കാനുള്ളത്. ഇപ്പോൾ മികച്ച വില ലഭിക്കുന്നത് ആശ്വാസകരമാണെന്ന് കർഷകർ പറയുന്നു.
മറ്റ് വിളകൾക്കെന്നപോലെ കപ്പയ്ക്കും വിലസ്ഥിരത പ്രഖ്യാപിച്ചാൽ കർഷകർക്കും ചെറുകിട വ്യാപാരികൾക്കുമത് പ്രയോജനകരമാകും.