എരുമേലി: 1975 ലാണ്, ഇരുപതുകാരനായ ഒരു ഡിഗ്രി വിദ്യാർഥി സ്വന്തം വരുമാനം തേടി ടാപ്പിംഗ് ജോലിക്കിറങ്ങിയത്.
പഴയ തലമുറയുടെ ടാപ്പിംഗ് രീതികൾ പഠിച്ച് ജോലി ഭംഗിയായി ആസ്വദിച്ചപ്പോൾ ടാപ്പിംഗ് അയാൾക്ക് ഇഷ്ടമേറെയുള്ള കലയായി.
ആ മികവിൽ അയാൾക്ക് റബർ ബോർഡ് ജോലി നൽകിയത് ടാപ്പിംഗ് പരിശീലകനായി. ആ പരിശീലകൻ പിന്നെ ഇന്ത്യയൊട്ടുക്ക് ബോർഡിന്റെ സ്വന്തം പരിശീലകനായി.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നീണ്ടു പോയി പരിശീലനം. 40 വർഷം കഴിഞ്ഞ് 2015 ൽ വിരമിച്ചിട്ടും അയാളെ ബോർഡ് വെറുതെ വിട്ടില്ല.
വീണ്ടും പരിശീലക വേഷത്തിൽ ജോലി ഏൽപ്പിച്ചു. കേരളത്തിലെ തോട്ടങ്ങളായ തോട്ടങ്ങളൊക്കെ ആ പരിശീലകന്റെ പഠന ക്ലാസുകളിലാണ് ഇപ്പോൾ.
ടാപ്പിംഗിനെ ജനകീയമാക്കി വേറിട്ട ശൈലി പകർന്ന് ഇന്ത്യയൊട്ടുക്ക് ടാപ്പിംഗ് പഠിപ്പിച്ച ആ പരിശീലകൻ എരുമേലി സ്വദേശിയാണ്. പേര് ശശിധരൻ കണ്ണേലിൽ.
എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ജനിച്ചു വളർന്ന ശശിധരൻ ഇപ്പോൾ മുണ്ടക്കയത്താണ് താമസം. കേരളത്തിലെ ഒട്ടുമിക്ക റബർ തോട്ടങ്ങളിലും പ്രസിദ്ധമാണ് ശശിധരന്റെ ടാപ്പിംഗ് വൈഭവം.
തോട്ടം ഉടമകളും തോട്ടം ഉദ്യോഗസ്ഥരും തൊഴിലാളികളും കർഷകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്കാണ് ഇതിനോടകം അദ്ദേഹം പരിശീലനം പകർന്നിരിക്കുന്നത്.
വഴിത്തിരിവായത് ചെറുവള്ളി എസ്റ്റേറ്റിലെ ജീവിതകാലമാണെന്ന് ശശിധരൻ പറയുന്നു.
എസ്റ്റേറ്റിൽ റബർ പ്ലാന്റിംഗ് വ്യാപിക്കുമ്പോൾ ശശിധരൻ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്.
ഇതിനിടെയാണ് എസ്റ്റേറ്റിൽ റബർ തൈകൾ നടാനുള്ള കുഴികൾ എടുക്കുന്നതിന് കൂലിപ്പണിക്കിറങ്ങിയത്. പണികൾക്കിടെ റബർ ടാപ്പിംഗ് ജോലി പഠിച്ചു.
1975 മുതൽ രണ്ട് വർഷം താത്ക്കാലിക ജീവനക്കാരനായി എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലി ചെയ്തു. ടാപ്പിംഗ് മികച്ച നിലയിൽ ചെയ്യുന്നത് കണ്ട് മാനേജ്മെന്റ് ജോലി സ്ഥിരപ്പെടുത്തി നൽകി.
എസ്റ്റേറ്റിൽ ടാപ്പിംഗ് സൂപ്പർവൈസർ ആയി ജോലിക്കയറ്റം കിട്ടിയതോടെ 1982 ൽ ആണ് പരസ്യം കണ്ട് റബർ ബോർഡിൽ ജോലിക്ക് അപേക്ഷ നൽകിയതെന്ന് ശശിധരൻ പറഞ്ഞു.
ടാപ്പിംഗ് ഡെമോൺസ്ട്രെറ്റർ ആയി ബോർഡിൽ നിയമനം കിട്ടി. ഇടയ്ക്കിടെ ബോർഡിൽ നിന്നു വിദഗ്ധ പരിശീലനം ലഭിച്ചുകൊണ്ടിരുന്നു.
കണ്ട് പരിചയിച്ച ടാപ്പിംഗ് രീതികളിൽ നിന്നെല്ലാം വിഭിന്നമായി മരങ്ങളുടെ വളർച്ചയ്ക്കും അത്യുത്പ്പാദനത്തിനും ഇണങ്ങുന്ന പുത്തൻ രീതികളിലേക്ക് മാറിചിന്തിക്കാനുള്ള അറിവുകൾ ആയിരുന്നു അതെല്ലാമെന്ന് ശശിധരൻ പറയുന്നു.
റബർ മരങ്ങളുടെ വളർച്ചയുടെ ഘട്ടം അനുസരിച്ച് ടാപ്പിംഗ് സിസ്റ്റത്തിൽ മാറ്റം വരുത്തുന്നതിൽ ഒട്ടേറെ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി.
ഒരു ദിവസം ടാപ്പിംഗും അടുത്ത ദിവസം അവധിയുമായിരുന്നു പണ്ട്. അത് രണ്ട് ദിവസം അവധിയാക്കിയത് ഉത്പാദനം വർധിപ്പിക്കാനായിരുന്നു.
അത് പിന്നീട് ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ടാപ്പിംഗ് ആയി. എന്നാലിപ്പോൾ ആ പരീക്ഷണം എത്തിനിൽക്കുന്നത് ഒരു വർഷം 50 – 52 ടാപ്പിംഗ് മതിയെന്ന നിലയിലാണ്.
മൂന്നിരട്ടി കറ കിട്ടി ഉത്പാദനം കൂടുമെന്നുള്ളതും ടാപ്പിംഗ് പണിക്കൂലി ഇനത്തിൽ ലാഭവും മരങ്ങളിൽ രോഗങ്ങൾ കുറയുമെന്നുള്ളതുമാണ് സവിശേഷതകളെന്ന് ശശിധരൻ പറയുന്നു.
കഴിഞ്ഞ ദിവസം പെരുവന്താനത്ത് എസ്റ്റേറ്റ് സ്റ്റാഫിനും തൊഴിലാളികൾക്കും എട്ട് ദിവസത്തെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് നൽകി വീട്ടിൽ എത്തി വിശ്രമിക്കുകയാണ് ശശിധരൻ.
ഇനി അടുത്ത ദിവസം മുതൽ അടുത്ത തോട്ടത്തിൽ പരിശീലനം നൽകാനുള്ള ജോലി തുടങ്ങുകയാണ്. ആരോഗ്യ വകുപ്പിൽ ഹെഡ് നഴ്സ് ആയി വിരമിച്ച ശാന്തകുമാരി ആണ് ഭാര്യ. മകൻ സന്ദീപ്, മകൾ ഷെൽജ.