സിനിമയില്‍ നിന്ന് അവഗണനകള്‍ നേരിട്ട നടിമാര്‍ നിരവധിയാണ്. പല നടിമാരും ഇക്കാര്യം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ തനിക്കു നേരിട്ട വേറിട്ട വിചിത്രമായ അവഗണനയെക്കുറിച്ചു നടി തപ്സി പന്നുവിന്റെ വെളിപ്പെടുത്തല്‍ മുമ്പൊരിക്കൽ വൈറലായിരുന്നു.
ഒരു ചിത്രത്തിലെ നായകന്റെ ഭാര്യയ്ക്ക് ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ എന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിക്ക് കൊടുത്തു. ഞാന്‍ സുന്ദരിയല്ല, കാണാന്‍ കൊള്ളില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
ഒരിക്കല്‍ ഒരു ചിത്രത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ എന്നോട് ഇപ്പോള്‍ ഡബ്ബ് ചെയ്ത ഡയലോഗ് മാറ്റണം എന്നുപറഞ്ഞു.
കാര്യം തിരക്കിയപ്പോള്‍, ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് മാറ്റണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മാറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ ആ ഭാഗം വേറെ ആളെ വച്ച് അവര്‍ ഡബ്ബ് ചെയ്ത് കൂട്ടിച്ചേര്‍ത്തു.
മറ്റൊരു ചിത്രത്തില്‍ എന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്ന് ആ ചിത്രത്തിലെ നായകന് സംവിധായകന് നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ പേരിലാണ് എന്റെ സീന്‍ വെട്ടിച്ചുരുക്കിയത്. ഇതെല്ലാം സിനിമാ മേഖലയില്‍ സാധാരണമാണ്.
“ബാഡ് ലക്ക്’ നടിയാണ് ഞാനെന്ന് പല നിര്‍മാതാക്കളും സംവിധായകരും ഒരുകാലത്ത് വിശ്വസിച്ചിരുന്നു. അതുകൊണ്ട് പലരും അവരുടെ ചിത്രത്തിലേക്ക് എന്റെ പേര് പോലും നിര്‍ദേശിച്ചിരുന്നില്ല- തപ്സി പറഞ്ഞു. -പിജി