പ്രേക്ഷകർക്ക് എന്നെ മടുത്താൽ സിനിമ ഉപേക്ഷിക്കുമെന്നു താരസുന്ദരി തപ്സി. എന്റെ സിനിമകൾ പ്രതീക്ഷിച്ചത്ര നിലവാരം പുലർത്തുന്നില്ലെങ്കിലോ പ്രേക്ഷകർക്ക് എന്നെ മടുക്കുന്ന സാഹചര്യമോ വന്നാൽ സിനിമാരംഗം വിടും. ഇനി വരാൻ പോവുന്ന സിനിമകളുടെ വിജയമനുസരിച്ചായിരിക്കും എന്റെ ഭാവി.
പ്രേക്ഷകർക്ക് എന്നെ കാണേണ്ടെങ്കിൽ സിനിമാ രംഗം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും പണിക്ക് പോവും- തപ്സി പറഞ്ഞു. പ്രേക്ഷകർ തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നത് ഇക്കൊല്ലമറിയാമെന്നും തപ്സി പറയുന്നു.
ഈ വർഷം തീർത്തും വ്യത്യസ്തമായ മൂന്ന് സിനിമകളാണ് തപ്സിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. നടൻ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന തട്ക്കാ എന്ന ചിത്രമാണ് ഇതിൽ പ്രധാനപ്പെട്ടത്. മലയാള ചിത്രം സോൾട്ട് ആൻഡ് പെപ്പറിന്റെ ഹിന്ദി പതിപ്പാണ് തട്ക്കാ. കൂടാതെ സൂർമ്മ, മൽഖ് തുടങ്ങിയ ചിത്രങ്ങളും തപ്സിയുടെതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നവയാണ്.
വെട്രിമാരൻ സംവിധാനം ചെയ്ത ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് തപ്സി പാനു. തമിഴിനു പുറമെ ബോളിവുഡിലും നടി മികച്ച വേഷങ്ങൾ ചെയ്തിരുന്നു.
2016ൽ പുറത്തിറങ്ങിയ പിങ്ക് എന്ന ഹിന്ദി ചിത്രത്തിലെ കഥാപാത്രമായിരുന്നു തപ്സിയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. തെന്നിന്ത്യൻ സിനിമകളിൽ നിന്നും മാറി ഇപ്പോൾ ബോളിവുഡിലാണ് തപ്സി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ആദ്യകാലത്തെ തന്റെ സ്വപ്നത്തിൽ ഹോളിവുഡോ ബോളിവുഡോ എന്തിന് സിനിമ പോലുമില്ലായിരുന്നുവെന്ന് തപ്സി പറയുന്നു. ഒരിക്കലും സിനിമയിൽ വരുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. സിനിമ ജീവിതത്തിൽ അവിചാരിതമായി കടന്നു വന്നതാണ്. ഒരിക്കൽ പോലും ബോളിവുഡിലോ ഹോളിവുഡിലോ അഭിനയിക്കണം എന്നു പോലും ആലോചിച്ചിരുന്നില്ലെന്നു നടി പറയുന്നു.
ഹോളിവുഡിൽ പോകാൻ വലിയ മോഹമൊന്നുമില്ല. അതിനാൽ തന്നെ നല്ല റോളുകൾ തേടി അങ്ങോട്ടേക്ക് പോകുമെന്ന് പറയാനും കഴിയില്ല. ഇപ്പോൾ തനിക്ക് ബോളിവുഡിൽ കൈ നിറയെ ചിത്രങ്ങൾ ലഭിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായതും താൻ ഒരുപാട് ആഗ്രഹിച്ച വേഷങ്ങളുമാണ് തന്നെ തേടി എത്തിയിരിക്കുന്നത്.
അതിനാൽ തന്നെ ഇവിടെ തൃപ്തയാണെന്നും താരം പറഞ്ഞു. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി ഡബിൾസ് എന്ന ചിത്രത്തിലാണ് തപ്സി അഭിനയിച്ചത്.