തെന്നിന്ത്യൻ സിനിമയിൽ നിന്ന് ബോളിവുഡിലേക്കു കൂടുമാറിയ തപ്സിക്ക് ഇപ്പോൾ അവിടെ അവസരങ്ങളുടെ പെരുമഴയാണ്. പിങ്ക്, ബേബി, നാം ഷബാന തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം തുടരെത്തുടരെ നല്ല സിനിമകളും കഥാപാത്രങ്ങളും തപ്സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ താമസിക്കാൻ ഒരിടം പോലുമില്ലാത്ത ഒരു കാലം കരിയറിന്റെ തുടക്കത്തിൽ തനിക്കുണ്ടായിരുന്നു എന്ന് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തപ്സി പറഞ്ഞു. തുടക്കകാലത്ത് താൻ നേരിട്ട ഏറ്റവും വലിയ പ്രശ്നവും ഇതു തന്നെയായിരുന്നു. ഹൈദരാബാദിൽ നിന്ന് ദില്ലിയിലേക്ക് താമസം മാറിയപ്പോൾ താമസിക്കാൻ ഒരു അപ്പാർട്മെന്റിന് വേണ്ടി ഏറെ അലയേണ്ടി വന്നു. എന്റെ ജോലി അഭിനയമാണെന്നതായിരുന്നു പ്രശ്നം. 500 രൂപ കൊടുത്ത് എന്റെ സിനിമ കാണുന്നതിന് അവർക്ക് വിരോധമില്ല.
പക്ഷെ എനിക്ക് താമസിക്കാൻ ഇടം തന്നുകൂടാ. മാസങ്ങളോളം എടുത്താണ് ദില്ലിയിൽ താമസിക്കാൻ ഒരിടം കണ്ടെത്തിയത്. ഹൈദരാബാദിൽ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നല്ലൊരു അപ്പാർട്മെന്റ് ലഭിച്ചു. അനിയത്തിക്കൊപ്പം അവിടെയാണ് താമസിക്കുന്നത്. അച്ഛനും അമ്മയും ഹൈദരാബാദിൽ തന്നെയാണ്- തപ്സി പറഞ്ഞു.
അക്ഷയ് കുമാറിനൊപ്പം മിഷൻ മംഗൾ എന്ന ചിത്രത്തിലാണ് തപ്സി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാൽ സാന്റ് കി ആഗ് എന്ന ചിത്രത്തിൽ അഭിനയിക്കും. അറുപതുകാരിയായ ഷാർപ് ഷൂട്ടറെയാണ് ഈ ചിത്രത്തിൽ തപ്സി അവതരിപ്പിക്കുന്നത്. തപ്സിയുടേതായി ഏറ്റവുമൊടുവിൽ തിയറ്ററിലെത്തിയ ബഡ്ലക്കിന് മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു.