ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് തപ്സി പന്നു. തന്റേതായ നിലപാടുകൾ പുലർത്തുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് തപ്സിയും.
വിമർശനങ്ങളെയും ട്രോളുകളെയും ഭയമില്ലാത്ത തപ്സി, ട്രോളുകൾക്കൊക്കെ ചുട്ട മറുപടിയും കൊടുക്കാറുണ്ട്. രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ വീട്ടിൽ തന്നെയാണ് താരം.
കുറച്ചു ദിവസങ്ങളായി ഫോണിലെ പഴയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതാണ് തപ്സിയുടെ പ്രധാന നേരം പോക്ക്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി തന്റെ ആദ്യകാലത്തെ സിനിമാചിത്രീകരണ ഓർമകളും ആദ്യ പൊതുപരിപാടിക്കായി തയാറാവുന്നതിന്റെ ചിത്രവുമൊക്കെയാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കൈയിൽ തോക്കും പിടിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ഒരു ചിത്രം തപ്സി പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് പിന്നിലെ കഥയൊന്നും തനിക്ക് ഓർമ്മയില്ല. എന്നാൽ അന്ന് മുതൽക്കാണ് വിജയിക്കാനുള്ള ത്വര തനിക്ക് തുടങ്ങിയതെന്ന് ഇപ്പോഴാണ് ഓർമ വന്നത്, എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം തപ്സി പോസ്റ്റ് ചെയ്തത്.
തപ്സി കഴിഞ്ഞ വർഷം ഒരു ഷാർപ്പ് ഷൂട്ടറിന്റെ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു സാൻഡ് കി ആംഖ്. കുട്ടിക്കാല ചിത്രം പങ്കുവച്ചതോടെ സാൻഡ് കി ആംഖ് സിനിമയ്ക്ക് വേണ്ടി ഇത്രയും നേരത്തെ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു അല്ലേ എന്നാണ് സംവിധായകൻ അഭിനവ് കമന്റ് ചെയ്തിരിക്കുന്നത്. തപ്സിയുടെ അവസാനമിറങ്ങിയ ചിത്രമായ ധപ്പടിന്റെ സംവിധായകനാണ് അഭിനവ് സിൻഹ.