ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടനവധി ആരാധകരുള്ള മുൻനിര നായിക നടിയാണ് തപ്സി പന്നു. മികച്ച സിനിമകൾ തെരഞ്ഞെടുത്തു ചെയ്യുന്നതുകൊണ്ട് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ തപ്സിക്കായി.
കഴിഞ്ഞ ദിവസം പപ്പരാസികളും തപ്സിയും തമ്മിൽ വാക്ക് തർക്കമുണ്ടായത് വലിയ വിവാദമായിരുന്നു. രണ്ടു മണിക്കൂറുകളോളം കാത്തുനിന്ന ഫോട്ടോ ഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യാതെ തപ്സി കടന്നു പോയതാണ് ഫോട്ടോഗ്രാഫർമാരെ പ്രകോപിപ്പിച്ചത്.
തപ്സിയുടെ പിന്നാലെപോയ ഇവരിൽ ഒരാൾ താരത്തോട് നിൽക്കാൻ ആവശ്യപ്പെട്ടു. നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നുചോദിച്ച് തപ്സി ഇവരോട് കയർത്തു. ഇതു വാക്കുതർക്കത്തിലേക്ക് നയിച്ചു.
ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് തപ്സി ഇപ്പോൾ. സിനിമാ താരങ്ങൾ പൊതുമുതലാണെന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നതെന്നും പബ്ലിക് ഫിഗറാവുന്നതും പൊതുമുതലാവുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും തപ്സി പറയുന്നു.
ഇരുഭാഗത്തും ബഹുമാനം വേണമെന്ന് ഞാൻ കരുതുന്നു. ഞാൻ തമിഴിലും തെലുങ്കിലും ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ മൂന്ന് ഇൻഡസ്ട്രികളിലെയും പപ്പരാസികളെ കണ്ടിട്ടുണ്ട്.
അതിൽ ഒരുപാട് പേർ എന്റെ സുഹൃത്തുക്കളാണ്. പക്ഷെ പബ്ലിക് ഫിഗറും പബ്ലിക് പ്രോപ്പർട്ടിയും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ടെന്ന് അവരിൽ ചിലർ മറക്കുന്നു.
ചില സമയത്ത് അവർ സംസാരിക്കുന്ന ടോൺ നിങ്ങൾ കേൾക്കണം. ഞങ്ങൾക്കത് അപമാനകരമാണ്. ആ മാന്യൻ സംസാരിച്ചത് കേട്ടാൽ തോന്നും ഫോട്ടോ എടുക്കുന്നതിലൂടെ അയാൾ എനിക്കെന്തോ ഉപകാരം ചെയ്യുകയാണെന്ന്.
അങ്ങനെ എന്റെ മാതാപിതാക്കൾ പോലും എന്നെ ശകാരിച്ചിട്ടില്ല- തപ്സി വ്യക്തമാക്കി.