കാഴ്ചയില്ലാത്ത ലോകത്ത് നിന്നും പ്രതിസന്ധികളെ പടവെട്ടി തോൽപ്പിച്ച് 23 കാരി സ്വന്തമാക്കിയത് ആരും കൊതിക്കുന്ന നേട്ടം. ഒഡിഷ സിവിൽ സർവീസിൽ 161-ാം റാങ്ക് സ്വന്തമാക്കിയ തപസ്വനി ദാസ് എന്ന ഈ യുവതിയുടെ ലോകത്ത് എന്നും ഇരുട്ടാണ്. എന്നാൽ ആ കാരണംകൊണ്ട് സങ്കടപ്പെട്ട് മാറിയിരിക്കുവാൻ ഇവർ തയാറായിരുന്നില്ല. എല്ലാ കഴിവുകളും ഉള്ള ഒരാൾക്ക് പോലും കൈയെത്തി പിടിക്കുവാൻ സാധിക്കാത്ത ലക്ഷ്യസ്ഥാനത്താണ് അവസാനം തപസ്വിനി എത്തിച്ചേർന്നത്.
ഭിന്നശേഷി വിഭാഗത്തിന്റെ സംസ്ഥാന കമ്മീഷണർ സുലോചന ദാസ് ആണ് തപസ്വിനിയുടെ ഈ നേട്ടത്തെക്കുറിച്ച് പുറത്തുവിട്ടത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ശസ്ത്രക്രിയ പരാജയമായതിനെ തുടർന്നാണ് തപസ്വനിയുടെ കാഴ്ച നഷ്ടപ്പെടുന്നത്. തനിക്ക് സംഭവിച്ചത് എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഉണ്ടായ ആഘാതത്തെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതിരുന്ന ഇവർ പൊരുതി നേടിയതാണ് ഈ നേട്ടം.
പാഠ ഭാഗങ്ങൾ സ്കാൻ ചെയ്ത് ലാപ്ടോപ്പിലാക്കി ഓഡിയോ ഫോർമാറ്റിലേക്ക് മാറ്റിയതിന് ശേഷം പഠിക്കുന്ന രീതിയാണ് തപസ്വിനി സ്വീകരിച്ചത്. ഏകദേശം അഞ്ച് ലക്ഷത്തിൽ അധികം ആളുകൾ പങ്കെടുത്ത പരീക്ഷയിൽ 218 പേരാണ് യോഗ്യത നേടിയത്. അതിൽ 161-ാം സ്ഥാനമാണ് തപസ്വിനിക്കുള്ളത്.