കൊച്ചി: ചിലവന്നൂരിൽ യുവാക്കളുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവം വഴിത്തിരിവിലേക്ക്. റോഡ് അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളിയെ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരായ മൂന്നു യുവാക്കളെ ഉടൻ അറസ്റ്റു ചെയ്യും.
യുവാക്കൾ തൊഴിലാളികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എറണാകുളം സൗത്ത് പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലവന്നൂർ ചിറമ്മേൽ വിനോദ് വർഗീസ്, വിവേക് നഗർ ചിറമ്മേൽ ജോസഫ് വിനു, ചിറമേൽ ആന്റണി ജിജോ എന്നിവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു.
നേരിയ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഇവർ ആശുപത്രി വിട്ടാലുടൻ അറസ്റ്റു ചെയ്യും. തൊഴിലാളിയുടെ പരാതിയിൽ യുവാക്കൾക്കെതിരെ ഇന്നലെ പോലീസ് കേസ് എടുത്തിരുന്നു.
അതേസമയം യുവാക്കളുടെ പരാതിയിൽ അറസ്റ്റിലായ ചിലവന്നൂർ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പെരുനിലത്ത് വീട്ടിൽ കൃഷ്ണപ്പനെ(68) റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട അഞ്ചിന് ചിലവന്നൂരിലായിരുന്നു സംഭവം. എളംകുളത്തുനിന്ന് കാറിൽ വരികയായിരുന്ന യുവാക്കൾ ചിലവന്നൂർ വാട്ടർലാൻഡ് റോഡിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ റോഡിൽ കുഴി അടയ്ക്കുന്ന ജോലിക്കാരനായ കൃഷ്ണപ്പൻ പ്രകോപിതനായി തിളച്ച ടാർ ഇവരുടെ ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ പറഞ്ഞിരുന്നത്.
മുന്നറിയിപ്പ് ബോർഡ് വയ്ക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരൻ ടാർ ഒഴിച്ചതെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിവായത്. കൃഷ്ണപ്പന്റെ ദേഹത്തും തിളച്ച ടാർ വീണിരുന്നു. ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.