കുമരകം: മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത. ഒന്പതു മാസം ഗർഭിണിയായ എരുമയുടെ പുറത്ത് ടാർ ഒഴിച്ച് ഉപദ്രവിച്ച നിലയിൽ കണ്ടെത്തി.
കുമരകം മൂന്നാം വാർഡിൽ മങ്കുഴി പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്ന ചെന്പോടിത്തറ ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് എരുമ.
വെള്ളപ്പൊക്കത്തിൽ മങ്കുഴി പാടത്ത് മട വീണതിനെ തുടർന്നാണ് എരുമയെയും രണ്ടു പശുക്കളെയും രണ്ടാം കലുങ്കിനു സമീപം പുല്ലുള്ള പുരയിടത്തിൽ എത്തിച്ച് സംരക്ഷിച്ചുപോരുന്നു.
ആദ്യ പ്രസവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന എരുമയോടാണ് ക്രൂരത കാണിച്ചത്. ഇന്നലെ രാവിലെ തീറ്റയും വെള്ളവും കൊടുക്കാൻ ഷിബു എത്തിയപ്പോഴാണ് ടാറിൽ കുളിച്ചു കിടക്കുന്ന നിലയിൽ എരുമയെ കണ്ടത്. മൃഗഡോക്ടർ എസ്. സോജ എത്തി പരിശോധന നടത്തി.
ഗർഭിണിയായ എരുമയ്ക്ക് കെമിക്കലിന്റെ അനന്തര ഫലങ്ങൾ ഉണ്ടാകാമെന്നും തുടർ ചികിത്സ അനിവാര്യമാണെന്നും ഉള്ളിൽ പൊള്ളലുണ്ടാകാതിരിക്കാൻ ഇടവിട്ട് വെള്ളം ഒഴിക്കുകയോ കുളിപ്പിക്കുകയോ ചെയ്യണമെന്നും ഡോക്ടർ നിർദേശിച്ചു.
ഡീസലും സോപ്പും ഉപയോഗിച്ച് ടാർ കഴുകിക്കളയാൻ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചില്ല. നെൽ കർഷകനും ക്ഷീരകർഷകനുമാണ് ഷിബു. കുമരകം പോലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.