തനിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന അപവാദ പ്രചരണത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് താര കല്യാണ്‍. സോഷ്യല്‍ മീഡിയയില്‍ കൂടിത്തന്നെയാണ് താരത്തിന്റെ പ്രതികരണം.
മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു കാലത്തും അവരോടു പൊറുക്കില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് താര വീഡിയോയിലൂടെ പറയുന്നു.
താരയുടെ വാക്കുകള്‍ ഇങ്ങനെ…”സമൂഹമാധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്.
ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല.
നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങള്‍ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങള്‍ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. എന്റെ ആത്മാവിനെ നിങ്ങള്‍ വേദനിപ്പിച്ചു.
ഇത് പോസ്റ്റ് ചെയ്ത ആളിനോട്, പ്രചരിപ്പിച്ചവരോട്, കമന്റ് ചെയ്ത് ആഘോഷിച്ചവരോട് നിങ്ങളെ ഞാന്‍ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ പരിഗണിക്കണം.
നിങ്ങളെപ്പോലെ വികാരങ്ങളുള്ളവരാണ് കലാകാരന്മാരും. ഒരു അമ്മയാണ് ഞാന്‍. നാണക്കേട് തോന്നുന്നില്ലേ നിങ്ങള്‍ക്ക്. ഈ ജന്മത്തില്‍ ഞാന്‍ നിങ്ങളോട് പൊറുക്കില്ല” താര പറഞ്ഞു.ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് താരാ കല്യാണ്‍. അമ്മ സുബ്ബലക്ഷ്മിയും സിനിമാതാരമാണ്. താരയ്ക്കു പിന്തുണയുമായി നിരവധിപേര്‍ എത്തുന്നുണ്ട്.