മുക്കം: വീടിന്റെ ടെറസിന് മുകളിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഒരു മൂന്നാം ക്ലാസുകാരൻ. പന്നിക്കോട് ജിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദാണ് പുതിയ കൃഷിപാഠം രചിച്ചത്.
രാവിലെ സ്കൂളിൽ പോവുന്നതിന് മുന്പും വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷവുമാണ് പരിപാലനം . പയർ, വെണ്ട, വഴുതിന, തക്കാളി, ചുരങ്ങ, ചീര, കാബേജ് എന്നിവക്കൊപ്പം തണ്ണിമത്തനും ഈ ടെറസ്സിൽ സമൃദ്ധമായി വളരുന്നുണ്ട്. 100 ഓളം ഗ്രോബാഗുകളിലാണ് കൃഷി.
പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിക്ക് ചാണകപ്പൊടി മാത്രമാണ് വളമായി ഉപയോഗിച്ചത്. കൊടിയത്തൂർ കൃഷി ഓഫീസർ എം.എം.സബീന, ഓമശേരി കൃഷി ഓഫീസർ സാജിദ് അഹമ്മദ് എന്നിവരുടെ ഉപദേശ നിർദേശവും മാതാവ് മുൻഷിറയുടെ സഹായവും സഹദിന് കരുത്തായി. സഹദിനൊപ്പം എൽകെജി വിദ്യാർഥിയായ സഹോദരൻ മുഹമ്മദ് സഹലും ഒരു കൈ സഹായവുമായി കൂടെയുണ്ട്.