ആലുവ: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാകുളം-തൃശൂര്‍ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഇതേ തുടർന്നു 11 ട്രെയിനുകൾ സർവീസ് റദ്ദാക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് കൊല്ലത്തുനിന്നും സിമന്റുമായെത്തിയ ട്രെയിനാണ് ആലുവ സ്റ്റേഷനു സമീപം പാളം തെറ്റിയത്.
എന്‍ജിനും ആദ്യ രണ്ട് ബോഗികളുമാണ് ട്രാക്ക് മാറുന്നതിനിടെ പാളം തെറ്റിയത്. ഇതേ തുടർന്നു മറ്റു ട്രെയിനുകള്‍ എറണാകുളം ടൗണ്‍, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ചാലക്കുടി സ്റ്റേഷനുകളില്‍ രാത്രി പിടിച്ചിടുകയായിരുന്നു.
റദ്ദാക്കിയ ട്രെയിനുകൾ
ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ്, ഗുരുവായൂര്‍-നിലമ്പൂര്‍ സ്പെഷല്‍ എക്സ്പ്രസ്, തിരുവനന്തപുരം-തിരിച്ചറിപ്പള്ളി ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷല്‍, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, ഷൊര്‍ണൂര്‍-എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.
ഇന്നലെ പുനലൂര്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്സ്പ്രസ്(16327) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
ഇന്നലെ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ പ്രതിദിന എക്സ്പ്രസ്(16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചു.
ഇന്ന് രാവിലെ 5.15-ന് പുറപ്പെടേണ്ട എറണാകുളം- പൂനെ എക്സ്പ്രസ് (22149) മൂന്നു മണിക്കൂര്‍ വൈകി പുറപ്പെട്ടു.ഒട്ടുമിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
രാത്രി ഒന്നരയോടെ തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്. മുകുന്ദിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്.
ഉച്ചയോടെ ഇരു ദിശകളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ അധികൃതര്‍.
തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് ട്രെയിന്‍ പാളം തെറ്റിയത് മൂലം കൂടുതല്‍ നാശനഷ്ടമുണ്ടായത്. പാളം തെറ്റിയ ശേഷം ലോക്കോ പൈലറ്റ് തിരിച്ചറിയാന്‍ കഴിയാതെ മുന്നോട്ടു പോകാന്‍ ശ്രമിച്ചതാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
റെയില്‍വേയുടെ ഇലക്ട്രിക്കല്‍, എൻജിനീയറിംഗ്,മെക്കാനിക്കല്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പാളം തെറ്റിയ ബോഗിയുടെ മുകള്‍ ഭാഗം മുറിച്ച് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
പാളത്തിന്റെ ഭാഗം അഴിച്ച് മാറ്റി പുതിയത് സ്ഥാപിക്കുകയും തകരാറിലായ സിഗ്നല്‍ ബോക്സുകള്‍ പുനസ്ഥാപിച്ച ശേഷവുമാകും ഗതാഗതം പുനരാരംഭിക്കാനാവുക.