വെള്ളിയാമറ്റം: ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിയാമറ്റം വില്ലേജിനു കീഴിലുള്ള ഭൂമിയുടെ ഉയർന്ന താരിഫ് വിലയ്ക്ക് ഇതുവരേയും പരിഹാരം ആയിട്ടില്ല.
ഇവിടത്തെ താരിഫ് വില കുറയ്ക്കുമെന്ന് റവന്യു മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. വെള്ളിയാമറ്റം പഞ്ചായത്തിനു പുറമെ കുടയത്തൂർ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും ഉയർന്ന താരിഫ് വിലയാണുള്ളത്.
വെള്ളിയാമറ്റം വില്ലേജിനു കീഴിലാണ് ഈ വാർഡുകളും ഉൾപ്പെടുന്നത്. 2010-ൽ താരിഫ് വില പുതുക്കിയതുമുതൽ വെള്ളിയാമറ്റം നിവാസികളുടെ ദുരിതകാലം ആരംഭിച്ചു. നഗരസഭയിലെ ഭൂമിയുടെ താരിഫ് വിലയ്ക്ക് സമാനമായവിലയാണ് മലയോര മേഖലയായ വെള്ളിയാമറ്റത്തുള്ളത്.
റവന്യു ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടിനെത്തുടർന്നാണ് പ്രശ്നം ഉടലെടുത്തത്. ഇവിടത്തെ ഭൂമിയുടെ സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അമിതമായി ഉയർന്നു. ഇതു ഭൂമിയുടെ യഥാർത്ഥ വിലയേക്കാൾ 50 ഇരട്ടിവരെ കൂടുതലാണ്. ഇതോടെ ഭൂമി വിൽപ്പന ഉൾപ്പടെയുള്ളവ അവതാളത്തിലായി.
വികസന പ്രവർത്തനങ്ങൾക്ക് പോലും ഭൂമി വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വിവാഹം, വിദ്യാഭ്യാസം, കാർഷിക വായ്പ എന്നിവയ്ക്കായി ഒരു തുണ്ട് ഭൂമിപോലും വിൽക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഇതോടെ ജനങ്ങൾ സമരവുമായി രംഗത്തെത്തിയിരുന്നു. താരിഫ് വില നിർണയിച്ചതിൽ അപാകതകളുണ്ടെന്നും ഇതു ക്രമപ്പെടുത്തണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. കളക്ടർ ഇതു റവന്യു വകുപ്പിനു കൈമാറി. എന്നാൽ പ്രശ്ന പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല.
ഇതേത്തുടർന്നു കർഷകനായ സജി ആലയ്ക്കാത്തടം നവകേരള സദസിലും പരാതി നൽകി. ഇവിടെനിന്നു ലഭിച്ച മറുപടിയിലും പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിച്ചു വരികയാണെന്നുമായിരുന്നു വിശദീകരണം.
നേരത്തേ വെള്ളിയാമറ്റം ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഇതിനു പുറമേ ആയിരത്തോളം കർഷകർ ഫോം അഞ്ചിൽ കളക്ടർക്ക് ഇതു സംബന്ധിച്ച് പ്രത്യേക പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല.