കൊച്ചി: പാലാരിവട്ടത്ത് ജലഅഥോറിട്ടിയുടെ ’വാരിക്കുഴി’യിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞതിനു പിന്നാലെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടേണ്ടിവന്നതോടെ കൊച്ചിയിൽ റോഡുകളുടെ ടാറിംഗ് തകൃതി. നഗരത്തിന്റെ മുക്കും മൂലയും രണ്ട് ദിവസംകൊണ്ട് ടാറിംഗ് പൂർത്തിയാക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. പ്രധാന റോഡുകൾക്കു പുറമെ ഇട റോഡുകളിലും ടാറിംഗ് നടത്തിവരുന്നുണ്ട്.
ഹൈക്കോടതിയിൽനിന്ന് ഉൾപ്പെടെ രൂക്ഷ വിമർശനം ഉയർന്നതിനെത്തുടർന്ന് ധ്രുതഗതിയിലാണ് ടാറിംഗ് പുരോഗമിക്കുന്നത്. ഇതിനിടെ, പ്രധാന റോഡുകളിലെ ജോലികൾ മാറ്റിനിർത്തിയാൽ ഇടറോഡുകളുടെ ടാറിംഗ് തട്ടികൂട്ടാണെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. പല ടാറിംഗും ഗുണനിലവാരം കുറഞ്ഞതാണെന്ന ആക്ഷേപമാണു നാട്ടുകാർ ഉന്നയിക്കുന്നത്. കനത്ത മഴയിൽ ഇവ വീണ്ടും തകരാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചതിനെ തുടർന്നു വിവിധ കോണുകളിൽനിന്നുള്ള പ്രതിഷേധം ശക്തമായതോടെ അപകടമരണത്തിന് കാരണമായ കുഴി അധികൃതർ അടച്ചിരുന്നു. അതിനിടെ, മഴയെത്തുടർന്നും വാട്ടർഅഥോറിട്ടിയുടെ പണികളെത്തുടർന്നും ഉണ്ടായ റോഡിലെ കുഴികൾ ഇപ്പോഴും താൽകാലികമായി മൂടുന്നതിനാണ് അധികൃതൽ ശ്രമിക്കുന്നത്.
മഴ മാറിയാൽ ഉടൻ ടാറിംഗ് ജോലികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്കമാക്കിയിരുന്നെങ്കിലും കാര്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നില്ല. ഇതിനിടെ യുവാവ് അപകടത്തിൽ മരണപ്പെടുകയും ചെയ്തതോടെ അധികൃതർക്കെതിരേ വിവിധ കോണുകളിൽനിന്നും രോഷം ഉയരുകയായിരുന്നു. തിരക്ക് മൂലം ഇടറോഡുകളെ ആശ്രയിക്കുന്ന ചെറു വാഹനങ്ങൾക്കും റോഡിൻറെ മോശം സ്ഥിതിയാണ് പങ്കുവയ്ക്കാനുള്ളത്. ഇരുചക്രവാഹനങ്ങൾ പലപ്പോഴും മെറ്റൽ നിരത്തിയിട്ടുള്ള റേഡുകളിൽ തെന്നിവീഴുന്നത് സ്ഥിരം കാഴ്ചയാണ്.
റോഡുകളുടെ മോശം സ്ഥിതിയെത്തുടർന്നാണ് നഗരത്തിലെ ഭൂരിഭാഗം ഗതാഗതക്കുരുക്കും രൂപപ്പെടുന്നത്. അതിനിടെ,പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നാലു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
എറണാകുളം നിരത്ത് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സൂസൻ സോളമൻ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ കെ.എൻ. സുർജിത്, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.പി. സൈനബ, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ടി.കെ. ദീപ എന്നിവരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കുഴിക്കു സമീപം അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെയും ബാരിക്കേഡ് നിർമിക്കാതെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിർദേശ പ്രകാരമാണു നടപടി. പൊതുമരാമത്ത് റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടാകുന്പോൾ അപകട മുന്നറിയിപ്പ് നൽകണമെന്നും ബാരിക്കേഡ് നിർമിക്കണമെന്നും സർക്കാർ നിർദേശമുണ്ടെങ്കിലും നിർദേശം ഉദ്യോഗസ്ഥർ പാലിച്ചില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ.
സംഭവം വിശദമായി അന്വേഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയറെ (വിജിലൻസ്) ചുമതലപ്പെടുത്തി. പൊതുമരാമത്ത് റോഡുകളിൽ അപകടകരമായ സാഹചര്യമുണ്ടായാൽ ഉടൻ അപകടമുന്നറിയിപ്പ് ബോർഡും ബാരിക്കേഡും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ എൻജിനീയർമാർക്കും മന്ത്രി നിർദേശം നൽകി കഴിഞ്ഞു.