പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ തീയാടിക്കൽ ജംഗ്ഷനിൽ ജനവാസ കേന്ദ്രത്തോടു ചേർന്നു നാലു വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഹോട്ട് ടാർ മിക്സിംഗ് പ്രാന്റിനെതിരെ ആക്ഷൻ കൗണ്‍സിൽ സമരപരിപാടികളുമായി രംഗത്ത്. മല്ലപ്പള്ളി – ചെറുകോൽപ്പുഴ – കോഴഞ്ചേരി റോഡ് ദേശീയപാത നിലവാരത്തിൽ ടാർ ചെയ്യുന്നതിനുവേണ്ടി സ്ഥാപിച്ച പ്ലാന്റ് റോഡുപണി പൂർത്തിയായിട്ടും ഇതേ സ്ഥലത്തു തുടരുകയാണ്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ആരോഗ്യവകുപ്പിന്റെയും താത്കാലിക അനുമതി വാങ്ങി പ്രവർത്തിക്കുന്ന പ്ലാന്റ് ജനവാസ മേഖലയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.2015 ഡിസംബർ ഏഴിനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പ്ലാന്റിനു ലഭിച്ചത്. 2018 ജൂണ്‍ വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ശബരിമല റോഡുപണിയുടെ പേരിൽ അനുമതി ഡിസംബർ 31 വരെ നീട്ടിയിരിക്കുകയാണ്.
താത്കാലികമായ ആവശ്യങ്ങൾ പറഞ്ഞ് വീണ്ടും കാലാവധി നീട്ടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.ആരോഗ്യവകുപ്പിന്റെ അനുമതി നൽകിയ അനുമതി അവസാനിച്ചു. കഴിഞ്ഞതവണ അനുമതി തീർന്നയുടൻ യാതൊരു പരിശോധനകളോ പഞ്ചായത്തിന്റെ അനുമതിയോട തേടാതെ മലിനീകരണ നിയന്ത്രണ ബോർഡ് കാലാവധി നീട്ടിനല്‍കുകയായിരുന്നു.
രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്ലാന്റിന്റെ പ്രവർത്തനസമയം നിശ്ചയിച്ചിരിക്കുന്നതെങ്കിലും 24 മണിക്കൂറും ഇതു പ്രവർത്തിക്കുന്നതാണ് കണ്ടുവരുന്നത്. പ്ലാന്റിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പ്രദേശത്തുണ്ടാക്കിയിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ സമീപത്താണ ്പ്ലാന്റിന്റെ പ്രവർത്തനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജില്ലാകളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ആക്ഷൻ കൗണ്‍സിൽ പരാതി നൽകിയിരുന്നു.
പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ വൈകുന്നേരം നാലിന് തീയാടിക്കൽ ജംഗ്ഷനിൽ പൊതുസമ്മേളനം ചേരും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. റവ.മാത്യൂസ് ചാണ്ടി ചെറുകര അധ്യക്ഷത വഹിക്കും.ആക്ഷൻ കൗണ്‍സിൽ ചെയർമാൻ സുരേഷ് കുഴിവേലിൽ, കണ്‍വീനർ സാംകുട്ടി പാലയ്ക്കാമണ്ണിൽ, കെ.ഇ. ചാക്കോ കുറ്റിക്കണ്ടത്തിൽ, രാംകുമാർ പ്ലാച്ചേരിൽ, റെനി മാത്യു പാലയ്ക്കാമണ്ണിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.