റാന്നി: പരാതികൾക്കും വിവാദങ്ങൾക്കും ഒടുവിൽ പേരൂച്ചാൽ പാലം നിർമാണം അവസാന ഘട്ടത്തിലേക്ക്. 23 വർഷം മുന്പ് നിർമാണം ആരംഭിച്ച പാലം പമ്പാനദിക്ക് കുറുകേ പേരൂച്ചാൽ – കീക്കൊഴൂർ കടവിലാണ് തീർന്നിരിക്കുന്നത്.
കാൽ നൂറ്റാണ്ടുകാലത്തെ കാത്തിരുപ്പിനു ശേഷം പാലം നിർമാണം അപ്രോച്ച് റോഡ് അടക്കം പൂർത്തിയായപ്പോൾ പേരൂർ, ഇടപ്പാവൂർ, കീക്കോഴൂർ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. പാലം പണിക്ക് ഏറ്റവും കൂടുതൽ വർഷം വേണ്ടി വന്നു എന്നുള്ള വ്യാഖ്യാതിയും കേരളത്തിൽ ഈ പാലത്തിനു മാത്രമാണെന്നുള്ളതും പ്രത്യേകതയാണ്.
ശബരിമല ശാസ്താവിനു ചാർത്താനുള്ള തിരുവാഭരണ പേടകങ്ങൾ കൊണ്ടു പോകുന്ന തിരുവാഭരണ പാതയിലെ പമ്പാനദിക്കു കുറുകെയുള്ള പാലമാണിത്. രണ്ടു വർഷം മുന്നേ പണി തീർന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം വൈകിയതാണ് പാലം തുറക്കാൻ വൈകിയത്. ഇപ്പോൾ അപ്രോച്ച് റോഡിന്റെ ടാറിംഗ് പണികൾ അടക്കം പൂർത്തീകരിച്ചു കഴിഞ്ഞു.
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ 22 വർഷങ്ങൾ മുന്പാണ് പാലം നിർമ്മാണം ആരംഭിച്ചത്. 18 മാസങ്ങൾ കൊണ്ട് പണി പൂർത്തികരിക്കാനായിരുന്നു അന്നത്തെ കരാർ. എന്നാൽ സമയബന്ധിതമായി പണി പൂർത്തിയാകാതെ വർഷങ്ങളോളം കിടന്നു. നാട്ടുകാരുടെ നിരന്തര പരാതികളും പ്രതിക്ഷേധങ്ങളും ആയപ്പോൾ കഴിഞ്ഞ നാലുവർഷം മുന്പാണ് പാലം പണി പുനഃരാരംഭിച്ചത്.
പിന്നീട് പാലം പൂർത്തികരിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമാണത്തിന് കാലതാമസം നേരിട്ടു. കാലപ്പഴക്കം കാരണം തകരാറിലായ കീക്കോഴൂർ കരയിലെ തൂണുകൾ ബലപ്പെടുത്തുന്നതിനും അപ്രോച്ച് റോഡിനും കൂടി ഫണ്ട് അനുവദിച്ചിരുന്നു. അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളും കെട്ടി മണ്ണിട്ട് നികത്തി മെറ്റലിംഗും ടാറിംഗും ഉൾപ്പെടെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്.