വടക്കഞ്ചേരി: മന്ത്രിമാരും എംപിമാരുമെല്ലാം ഇടപെട്ട് രണ്ടാഴ്ചമുന്പ് കുഴിയടച്ച് റീടാറിംഗ് നടത്തിയ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ വാണിയന്പാറ, കൊന്പഴ എന്നിവിടങ്ങളിൽ റോഡുതകർന്നു വീണ്ടും കുഴികൾ നിറഞ്ഞു.ഈ രണ്ടിടത്തു മാത്രമായി രണ്ടുഡസനോളം കുഴികളാണുള്ളത്. തുലാമഴ കനത്താൽ കുഴികളുടെ ആഴവും പരപ്പും കൂടി റോഡുതകരും. ശബരിമല തീർഥാടകർക്ക് ഈ വർഷവും കുതിരാൻ യാത്ര ദുർഘടയാത്രയാകാനുള്ള സാധ്യത കൂടുതലാണ്.
വാതുറന്ന കുഴികൾ ഇപ്പോൾ തന്നെ അടച്ച് റോഡു സുരക്ഷിതമാക്കിയില്ലെങ്കിൽ കുതിരാനിലെ കുരുക്ക് ആരംഭിക്കാൻ ഇനി അധികദിവസം വൈകില്ല. റോഡ് തകർന്നതിനെതുടർന്ന് ജൂണ്മാസം മുതൽ തുടങ്ങിയ വാഹനക്കുരുക്ക് കുഴിയടച്ച് കുതിരാൻ ഭാഗങ്ങളിൽ റീടാറിംഗ് നടത്തിയാണ് പരിഹരിച്ചത്. പരസ്പരം പഴിചാരിയും കൂടിയാലോചനകളും എല്ലാംകഴിഞ്ഞ് രണ്ടാഴ്ചമുന്പാണ് റോഡ് താത്കാലികമായെങ്കിൽ ഗതാഗതയോഗ്യമാക്കിയത്.
റോഡ് ഇത്രവേഗം തകർന്നാൽ ഇനി ആരും തിരിഞ്ഞുനോക്കാനില്ലാത്ത സ്ഥിതിവരുമോയെന്ന ആശങ്കയിലാണ് ദേശീയപാതയിലൂടെ സ്ഥിരമായി പോകുന്ന യാത്രക്കാർ. കുഴിയടക്കലും റീടാറിംഗും കരാർ കന്പനി തോന്നുംമട്ടിൽ ചെയ്തപ്പോഴും അത് പരിശോധിച്ച് നടപടിയെടുക്കേണ്ടവർ നിശബ്ദരാകുന്നതാണ് ദേശീയപാതയുടെ ശാപമായി മാറുന്നത്.
വടക്കഞ്ചേരിയിലെ ഫ്ളൈ ഓവർ ഉൾപ്പെടെ മുടങ്ങിക്കിടക്കുന്ന ആറുവരിപാത വികസനവും കുതിരാനിലെ തുരങ്കപാതകളുടെ പൂർത്തീകരണ പ്രവൃത്തികളും എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ച് ആർക്കും ഒരു നിശ്ചയവുമില്ല.
ആറുവരിപ്പാതയുടെ മെയിൻ കരാർ കന്പനിയായ കെ.എം.സിയുടെ ചുവട്ടുപ്പാടത്തുള്ള ഓഫീസ് പ്രവർത്തനം ഇപ്പോൾ ഭാഗികമായി മാത്രമേ ഉള്ളു.
ഇവിടെ എല്ലാം നിശ്ചലമായിരിക്കുകയാണ്. തുരങ്കപാതകളുടെ നിർമാണം കഴിഞ്ഞ ഓഗസ്റ്റ് 15നു നിർത്തിവച്ചതിനുശേഷം പിന്നീട് പുനരരാരംഭിച്ചിട്ടില്ല. നാഷണൽ ഹൈവേ അഥോറിറ്റിയും നിശ്ചലാവസ്ഥയ്ക്ക് പരിഹാരം കാണാൻ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.