കുന്നത്തൂർ:കിഫ്ബിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്ന റോഡ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തകർന്നു. കൊട്ടാരക്കര – സിനിമാപറമ്പ് റോഡിൽ കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലാണ് ടാറിംഗ് പാളിയായി ഇളകി മാറ്റിയത്. ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ചീക്കൽകടവ് ഭാഗത്തേക്കുള്ള റോഡിന്റെ തുടക്കം ഇളകിയും ഇടിഞ്ഞും മാറിയത്.പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ചു.രണ്ട് വർഷമായി നവീകരണത്തിന്റെ ഭാഗമായി റോഡ് പൂർണമായും ഉഴുതുമറിച്ചിട്ടിരിക്കുകയായിരുന്നു.
കുണ്ടും കുഴിയുമായി കിടന്ന റോഡിൽ ഗതാഗതം അസാധ്യമായിരുന്നു.പൊടിശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയിട്ടും അധികൃതർ അനങ്ങിയില്ല.ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം മുതൽ കുന്നത്തൂർ പാലത്തിനു സമീപത്തു നിന്നും നിർമ്മാണം ആരംഭിച്ചത്.മാത്രമല്ല ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാൻ ടാറിംഗ് വൈകുന്നേരം 6.30വരെ നടത്താമെന്ന അധികൃതരുടെ നിർദേശം ലംഘിച്ച് രാത്രി 8 വരെ തോന്നിയപോലെ ടാറിംഗ് നടത്തിയതായും പരാതിയുണ്ട്.
കിഫ്ബി ഒരു ഉദ്യോഗസ്ഥ നേരിട്ടാണ് ഇതിനു വേണ്ട ഒത്താശ ചെയ്തു കൊടുത്തതത്രേ.അതിനിടെ ടാറിംങ്ങിന്റെ പേരിൽ അപ്രതീക്ഷിതമായി ഗതാഗതം വഴിതിരിച്ചുവിടുന്നതായും പരാതിയുണ്ട്.ഇന്നലെ ആറ്റുകടവ് ജംഗ്ഷനിൽ വച്ച് ഗതാഗതം വഴിതിരിച്ചുവിട്ടത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ ഏറെ വലച്ചു.