തളിപ്പറമ്പ്: റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിച്ചതോടെ നാട്ടുകാര്‍ പിരിവെടുത്ത് റോഡ് ടാറിംഗ് നടത്തി പഞ്ചായത്തിനെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ബൂസ്വിരി ഗാര്‍ഡനില്‍ തളിപ്പറമ്പ് -ശ്രീകണ്ഠാപുരം സംസ്ഥാനപാത പാതയില്‍ വെളളാരംപാറയില് നിന്നൂം മുയ്യത്തേക്കുളള 3.250 മീറ്റര്‍ വീതിയില്‍ 430 മീറ്റര്‍ നീഴത്തിലുളള റോഡാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
ബൂസ്വിരി ഗാര്ഡന് നിവാസികളോടൊപ്പം മുയ്യത്തുളളവര്ക്കും റോഡ് ഏറെ പ്രയോജനം ചെയ്യും. മഴക്കാലത്ത് ഇതു വഴിയുളള ഗതാഗതം ദുഷ്കരമായിരുന്നു. ഇവിടെയുളള 38 വീട്ടുകാരും സ്ഥലമുടമകളും ഉള്‍പ്പെടെ അമ്പതോളം പേര് ചേര്‍ന്നാണ് റോഡ് ടാറിംഗിന് ചെലവായ തുക കണ്ടെത്തിയത്.
ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് ഏഴരലക്ഷം രൂപയിലധികം ചെലവായതായും റോഡിന്റെ സംരക്ഷണ ചുമതല പൂര്‍ണമായും നിര്‍മാണ കമ്മറ്റിക്കായിരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം ആറിന് വാര്‍ഡ് മെമ്പര്‍ പി. രാജീവന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെളളാരംപാറ മഹല്ല് ഖത്തീബ് സുബൈര്‍ സഖാഫി റോഡ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു.
ബൂസ്വിരി ഗാര്ഡന് റോഡ് നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ സാദത്ത്, സെക്രട്ടറി സി. ഫൈസൽ, ട്രഷറര്‍ ഇബ്രാഹിം എന്നിവരോടൊപ്പം മുഹമ്മദലി, മഹറൂഫ്, ലത്തീഫ് മന്ന, ലത്തീഫ് ഇഗ്ലു, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.