കോട്ടയം: ടാറിംഗ് പൂർത്തിയാകും മുന്പേ ജലവിതരണവകുപ്പ് കുത്തിപ്പൊളിച്ച റോഡ് ഇന്നു വീണ്ടും ടാറിംഗ് നടത്തും. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു കുഴി മണ്ണിട്ട് മൂടി ടാറിംഗ് നടത്താനാണു നീക്കം. ചെങ്ങളം ഏനാദി-കടത്തുകടവ് റോഡിൽ ഇന്നലെയാണു സംഭവം. ഏനാദി പാലത്തിനു സമീപമാണു ജലവിതരണ വകുപ്പ് റോഡ് കുത്തിപ്പൊളിച്ചത്.
നാളുകളായി റോഡ് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. ഈ സമയത്ത് റോഡിലൂടെയുള്ള ജലവിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പ്രദേശവാസികൾ വാട്ടർ അഥോറിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പിന്റെ ശ്രമഫലമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാൻ മൂന്ന് കോടി രൂപ ചെലവഴിച്ച് റോഡ് പുനർനിർമിക്കുവാൻ തുടങ്ങിയത് ഇന്നലെയാണ്. ടാറിംഗ് കഴിഞ്ഞ് അര മണിക്കൂർ പിന്നിട്ടപ്പോൾ റോഡ് കുത്തിപ്പൊളിക്കുവാൻ വാട്ടർ അഥോറിറ്റി അധികൃതർ എത്തി നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും റോഡ് കുത്തിപ്പൊളിച്ചു.
ജലവിതരണം നടത്തുന്ന പൈപ്പ് നന്നാക്കുവാനാണു റോഡ് കുഴിച്ചതെന്ന് വാട്ടർ അഥോറിറ്റി വ്യക്തമാക്കിയെങ്കിലും ടാറിംഗ് നടത്തുന്നതിനു മുന്പ് പൈപ്പ് നന്നാക്കണമെന്നായിരുന്നു നാട്ടുകാർ പറയുന്നത്. ആറുമാസമായി പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ടാറിംഗ് നടത്തിയ ഉടനെ റോഡ് കുത്തിപ്പൊളിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.