ചെറായി: അയ്യന്പിള്ളി-മനപ്പിള്ളി റോഡ് വീതികൂട്ടി ടാറിംഗ് നടത്തുന്നതിന്റെ ജോലികൾ ആരംഭിച്ചിട്ടും കെഎസ്ഇബി അധികൃതർ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം.
റോഡുപണി പൂർത്തിയായതിനുശേഷം പോസ്റ്റുകൾ മാറ്റിയിടുന്പോൾ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരും. ഇത് ഒഴിവാക്കാനായി കെഎസ്ഇബിക്ക് മുൻകൂർ പണം അടച്ച് പോസ്റ്റ് മാറ്റാൻ അപേക്ഷ നൽകിയിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ കരാറുകാരൻ അറിയിച്ചതെന്ന് പഞ്ചായത്തംഗം കെ.എം.
പ്രസൂണ്‍ പറയുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥൻമാരുടെ കെടുകാര്യസ്ഥതമൂലമാണ് നടപടിയില്ലാത്തതെന്നാണ് ആരോപണം. 98 ലക്ഷം രൂപ മുടക്കി ബിഎംബിസി നിലവാരത്തിലാണ് റോഡ് റീ ടാറിംഗ് നടത്തുന്നത്. 20 ഇലക്ട്രിക് പോസ്റ്റുകളാണ് ഇവിടെ റോഡിൽ നിൽക്കുന്നത്.
ഇത് പൂർണമായും മാറ്റി സ്ഥാപിച്ചാൽ മാത്രമേ റോഡിൽ ഗതാഗതം സുഗമമാകു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് എതിരേ പരാതി നൽകുമെന്നും പ്രസൂണ്‍ അറിയിച്ചു.